സ്വന്തം നേട്ടങ്ങൾക്കപ്പുറം സമൂഹനന്മ ലക്ഷ്യം വെച്ചവരാണ്. ഹോണററി ബിരുദം നേടിയവരെന്ന് ചാൻസലർ
കാലിക്കറ്റ് സർവകലാശാലയുടെ ഹോണററി ഡോക്ടറേറ്റ് ബിരുദം നേടിയവരെ അനുമോദിച്ച സർവകലാശാലാ ചാൻസലറും കേരള ഗവർണറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, അവരുടെ നേട്ടങ്ങൾ വ്യക്തിപരമായ പ്രശസ്തിക്കോ സമ്പത്തിനോ വേണ്ടിയുള്ളതായിരുന്നില്ലെന്നും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കായുള്ള പ്രതിബദ്ധതയാണ് അവരെ നയിച്ചതെന്നും പറഞ്ഞു. ഇവരുടെ ജീവിതവും പ്രവർത്തനവും പുതുതലമുറയ്ക്ക് പ്രചോദനവും ദിശാബോധവും നൽകുന്നതാണെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം പൊതുനന്മയ്ക്കായി പ്രവർത്തിക്കാനുള്ള മൂല്യബോധം യുവതലമുറയിൽ വളർത്താൻ ഇത്തരം ആദരവുകൾ സഹായിക്കുമെന്നും ചാൻസലർ അഭിപ്രായപ്പെട്ടു.
കാലിക്കറ്റ് സർവകലാശാലയുടെ ഹോണററി ഡോക്ടറേറ്റ് ബിരുദദാന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിനും വ്യവസായ പ്രമുഖൻ പി.കെ. അഹമ്മദിനും ഡോക്ടർ ഓഫ് ലെറ്റേഴ്സ് (D.Litt.) ബിരുദവും പ്രശസ്ത ശാസ്ത്രജ്ഞനും നാഷണൽ ചെയർ പ്രൊഫസറുമായ പത്മശ്രീ ഡോ. എലുവത്തിങ്കൽ ഡി. ജെമ്മിസിന് ഡോക്ടർ ഓഫ് സയൻസ് (D.Sc.) ബിരുദവും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെനറ്റ് ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ സെനറ്റംഗങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയ ശേഷം അകമ്പടിയാത്രയോടെയാണ് പ്രധാന വേദിയിലേക്ക് വിശിഷ്ട വ്യക്തികൾ എത്തിയത്. വൈസ് ചാൻസലർ പ്രൊഫ. (ഡോ.) പി. രവീന്ദ്രൻ സത്യൻ അന്തിക്കാടിനെയും പി.കെ. അഹമ്മദിനെയും പത്മശ്രീ ഡോ. എലുവത്തിങ്കൽ ഡി. ജെമ്മിസിനെയും സദസ്സിനെ പരിചയപ്പെടുത്തികൊണ്ട് സംസാരിച്ചു. തുടർന്ന് ചാൻസലർ ഹോണററി ബിരുദ സർട്ടിഫിക്കറ്റുകളിൽ ഒപ്പുവെച്ച് സമ്മാനിച്ചു.
കോൺവൊക്കേഷൻ അഡ്രസ്സിൽ ഹോണററി ബിരുദം നേടിയവരെ കുറിച്ച് സംസാരിക്കുമ്പോൾ, നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തികൾക്ക് ബിരുദങ്ങൾ സമ്മാനിക്കുന്നു എന്നതാണ് ഈ ചടങ്ങിന്റെ പ്രധാന സവിശേഷതയെന്നും ചാൻസലർ പറഞ്ഞു. സർവകലാശാലയുടെ ബിരുദദാന ചടങ്ങുകൾ സാധാരണയായി നടക്കാറുണ്ടെങ്കിലും, ഇന്നത്തെ ചടങ്ങ് അതിൽനിന്ന് വ്യത്യസ്തമാണ്. സംസ്ഥാനത്തിനകത്തും പുറത്തും രാജ്യത്തുടനീളവും അറിയപ്പെടുന്ന, നാടിനും രാജ്യത്തിനും മികച്ച സേവനങ്ങൾ കാഴ്ചവെച്ച മൂന്ന് പ്രമുഖ വ്യക്തികൾക്കാണ് ഇന്ന് ബിരുദങ്ങൾ സമ്മാനിക്കുന്നത്. ഇവരുടെ പ്രശസ്തി അക്കാദമിക് രംഗത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിനും ചുറ്റുമുള്ള ജനങ്ങൾക്കും അവർ നൽകിയ സംഭാവനകൾ വളരെ വലുതാണ്. അവർ ഈ നേട്ടങ്ങൾ എങ്ങനെയാണ് കൈവരിച്ചതെന്ന് അവരുടെ ജീവിതയാത്രയിലൂടെ നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ മൂന്ന് പ്രമുഖ വ്യക്തികൾക്ക് ബിരുദങ്ങൾ സമ്മാനിക്കുന്നത് ഡോക്ടറേറ്റ് ബിരുദത്തിന്റെ മഹത്വവും മൂല്യവും വർധിപ്പിക്കുന്നു. പി. കെ. അഹമ്മദിനെപ്പോലെ ഒരു വ്യവസായിയോ സംരംഭകനോ ആയി വളരുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതുപോലെ, താൻ എന്തിനാണ് ഒരു ചലച്ചിത്ര സംവിധായകനായത്, സമൂഹത്തിനും ജനങ്ങൾക്കും എന്താണ് നൽകേണ്ടത് എന്നതിനെക്കുറിച്ച് സത്യൻ അന്തിക്കാടിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കും പിന്നിലും വ്യക്തമായ ഒരു പ്രമേയവും സാമൂഹിക കാഴ്ചപ്പാടും ഉണ്ടായിരുന്നു. ഡോ. എളുവത്തിങ്കൽ ജെമ്മിസ് തന്നെ ഒരു രത്നതുല്യമായ നേട്ടമാണ്. അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കായി സമർപ്പിച്ചവയായിരുന്നു എന്നത് കേരളീയരായ നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ഈ മൂന്ന് മഹത് വ്യക്തികളും നമുക്ക് ദേശീയ തലത്തിൽ മാതൃകാപുരുഷന്മാരാണ്. അവരുടെ ജീവിതവും പ്രവർത്തനങ്ങളും വരും തലമുറകൾക്ക് പ്രചോദനമാകട്ടെ. അവർ എന്നും ആദരിക്കപ്പെടേണ്ടവരാണെന്നും ചാൻസലർ കൂട്ടിച്ചേർത്തു.
തുടർന്ന് ഹോണററി ഡോക്ടറേറ്റ് ബിരുദങ്ങൾ സ്വീകരിച്ചവർ മറുപടി പ്രസംഗത്തിലൂടെ നന്ദി അറിയിച്ചു. പ്രോ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) പി. റഷീദ് അഹമ്മദ്, രജിസ്ട്രാർ പ്രൊഫ. (ഡോ.) സി.ഡി. സെബാസ്റ്റ്യൻ, പരീക്ഷാ കൺട്രോളർ പ്രൊഫ. (ഡോ.) പി. സുനോജ് കുമാർ, സെനറ്റംഗം കൂടിയായ എം.എൽ.എ. ടി.വി. ഇബ്രാഹിം, സിൻഡിക്കേറ്റ് - സെനറ്റ് - അക്കാഡമിക് കൗൺസിൽ അംഗങ്ങൾ, അധ്യാപകർ, സർവകലാശാല ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. സർവകലാശാലയുടെ ഹോണററി ഡോക്ടറേറ്റ് ബിരുദങ്ങൾ സ്വീകരിച്ചവർ വിവിധ മേഖലകളിൽ നൽകിയ ശ്രദ്ധേയമായ സംഭാവനകളെ ചടങ്ങിൽ അനുസ്മരിച്ചു.
കാലിക്കറ്റ് സർവകലാശാലയുടെ പന്ത്രണ്ടാമത് ഹോണററി ബിരുദദാന ചടങ്ങാണ് ഒക്ടോബർ 06-ന് നടന്നത്. ഇതുവരെ 1982 മുതൽ 2026 വരെ 24 പേർക്ക് ബിരുദങ്ങൾ സമ്മാനിച്ചിട്ടുണ്ട്. എസ്.കെ. പൊറ്റെക്കാട് (ഡി.ലിറ്റ്. 1982), വൈക്കം മുഹമ്മദ് ബഷീർ (ഡി.ലിറ്റ്. 1987), പ്രൊഫ. എം.എം. ഖനി (എൽ.എൽ.ഡി. 1987), കെ.പി. കേശവ മേനോൻ (ഡി.ലിറ്റ്. 1987), എൻ.വി. കൃഷ്ണ വാര്യർ (ഡി.ലിറ്റ്. 1987), എം.ടി. വാസുദേവൻ നായർ (ഡി.ലിറ്റ്. 1996), പി.കെ. വാര്യർ (ഡി.ലിറ്റ്. 1999), എം.എഫ്. ഹുസൈൻ (ഡി.ലിറ്റ്. 2003), വി.ആർ. കൃഷ്ണ അയ്യർ (ഡി.ലിറ്റ്. 2003), ഡോ. അരുൺ നിഗവേക്കർ (ഡി.എസ് സി. 2003), കമല സുരയ്യ (ഡി.ലിറ്റ്. 2006), ഡോ. അമ്രിക് സിങ് (ഡി.ലിറ്റ്. 2006), ക്യാപ്റ്റൻ ഡോ. ലക്ഷ്മി സെയ്ഗാൾ (ഡി.ലിറ്റ്. 2010), പ്രൊഫ. ഇർഫാൻ ഹബീബ് (ഡി.ലിറ്റ്. 2010), മമ്മുട്ടി (ഡി.ലിറ്റ്. 2010), ഡോ. മൊണ്ടേക് സിങ് അലുവാലിയ (ഡി.ലിറ്റ്. 2013), ഡോ. എം.എസ്. സ്വാമിനാഥൻ (ഡി.ലിറ്റ്. 2013), ജസ്റ്റിസ് ഫാത്തിമ ഭീവി (ഡി.ലിറ്റ്. 2013), എച്ച്.എച്ച്. ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ - ഖാസിമി (ഡി.ലിറ്റ് 2017), മോഹൻ ലാൽ (ഡി.ലിറ്റ്. 2018), പി.ടി. ഉഷ (ഡി.ലിറ്റ്. 2018) എന്നിവർക്കാണ് കാലിക്കറ്റ് സർവകലാശാല ഇതിന് മുൻപ് ഹോണററി ബിരുദങ്ങൾ നൽകിയിട്ടുള്ളത്.
സത്യൻ അന്തിക്കാട്
_ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിൽ മലയാള സിനിമയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് സത്യൻ അന്തിക്കാട്. തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് സ്വദേശിയായ അദ്ദേഹം അമ്പത് വർഷത്തിലേറെയായി മലയാള സിനിമാരംഗത്ത് സജീവമാണ്. ദേശീയ ചലച്ചിത്ര പുരസ്കാരവും അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്._
പി.കെ. അഹമ്മദ്
_ഉരുക്ക് വ്യവസായരംഗത്തെ പ്രമുഖ സ്ഥാപനമായ പി.കെ. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനാണ് പി.കെ. അഹമ്മദ്. കോഴിക്കോട് ജില്ലയിലെ മൂടാടി സ്വദേശിയായ അദ്ദേഹം പി.കെ. ഗ്രൂപ്പിനെ ആഗോളതലത്തിൽ ശ്രദ്ധേയമായ സ്ഥാപനമായി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. വിദ്യാഭ്യാസം, സാംസ്കാരികം, ആരോഗ്യം തുടങ്ങിയ മേഖലകളിലും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്._
പത്മശ്രീ ഡോ. എലുവത്തിങ്കൽ ഡി. ജെമ്മിസ്
_തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (IISER) സ്ഥാപക ഡയറക്ടറും അപ്ലൈഡ് തിയററ്റിക്കൽ കെമിസ്ട്രി പ്രൊഫസറുമായ പത്മശ്രീ ഡോ. എലുവത്തിങ്കൽ ഡി. ജെമ്മിസ് കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ പൂർവവിദ്യാർഥിയാണ്. കാൺപൂർ ഐ.ഐ.ടി., അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാല എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കി. പത്മശ്രീ, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ യങ് സയന്റിസ്റ്റ് പുരസ്കാരം, ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം തുടങ്ങി നിരവധി ദേശീയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
- Log in to post comments