Skip to main content

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷകൾ ക്ഷണിച്ചു

ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവരുടെ ഭവന പുനരുദ്ധാരണത്തിനായി സംസ്ഥാന സർക്കാരിന്റെ 'ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി'യിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വീടുകളുടെ വാതിലുകൾ, ജനലുകൾ, മേൽക്കൂര, ഫ്ലോറിംഗ്, പ്ലംബിംഗ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പരമാവധി 50,000 രൂപയാണ് ധനസഹായമായി നൽകുന്നത്. മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കുക. അപേക്ഷകയുടെയോ പങ്കാളിയുടെയോ പേരിലുള്ള വീടിന്റെ വിസ്തീർണ്ണം പരമാവധി 1200 സ്ക്വയർ ഫീറ്റിൽ കവിയരുത്. കൂടാതെ, അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബങ്ങൾ, ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്ന മക്കളുള്ളവർ, പെൺകുട്ടികൾ മാത്രമുള്ളവർ, മക്കളില്ലാത്തവർ എന്നിവർക്ക് മുൻഗണന ലഭിക്കും. എന്നാൽ, സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനമുള്ള മക്കളുള്ളവരും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ പുനരുദ്ധാരണത്തിനോ ധനസഹായം ലഭിച്ചവരും അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷാ ഫോറം www.mwdscholarship.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം 2026-27 സാമ്പത്തിക വർഷത്തെ ഭൂനികുതി രസീത്, റേഷൻ കാർഡ് പകർപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകളും രേഖകളും ഒക്ടോബർ 10-നകം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2505309.

 

date