കൊഴിഞ്ഞാമ്പാറയിലും മനിശ്ശേരിയിലും പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ യാഥാർത്ഥ്യമാകുന്നു; ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന്
ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ നിർമ്മാണം പൂർത്തീകരിച്ച കൊഴിഞ്ഞാമ്പാറ പെൺകുട്ടികളുടെയും ഒറ്റപ്പാലം മനിശ്ശേരിയിലെ ആൺകുട്ടികളുടെയും പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനം ഇന്ന് (എട്ടിന്) വൈകിട്ട് അഞ്ചിന് നടക്കും. പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി കെ.എ. തുളസി ടീച്ചർ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് കൊഴിഞ്ഞാമ്പാറ ഗവൺമെന്റ് ആർട്സ് ആൻഡ് കോളേജിൽ നടക്കുന്ന പൊതുയോഗത്തിൽ ചിറ്റൂർ എം.എൽ.എ. സുമേഷ് അച്യുതൻ അധ്യക്ഷത വഹിക്കും. കെ. രാധാകൃഷ്ണൻ എം.പി പരിപാടിയുടെ മുഖ്യാതിഥിയായി പങ്കെടുക്കും. അറുപത് പെൺകുട്ടികൾക്കാണ് ഇവിടെ താമസിച്ച് പഠിക്കുന്നതിനുള്ള പ്രവേശനം ലഭ്യമാക്കിയിട്ടുള്ളത്. ഇതോടൊപ്പം ഒറ്റപ്പാലം മനിശ്ശേരിയിൽ നിർമ്മാണം പൂർത്തീകരിച്ച ആൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി കെ.എ. തുളസി ടീച്ചർ ഓൺലൈനായി നിർവഹിക്കും. മനിശ്ശേരിയിൽ നടക്കുന്ന പരിപാടിയിൽ ഷൊർണൂർ എം.എൽ.എ. പി. മമ്മിക്കുട്ടി അധ്യക്ഷത വഹിക്കും. ഈ ഹോസ്റ്റലിലും അറുപത് ആൺകുട്ടികൾക്ക് പ്രവേശനം നൽകാൻ സാധിക്കും.
- Log in to post comments