Skip to main content
വിദ്യാശ്രീ പദ്ധതിയുടെ ലോഗോ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ദീനാമ്മ റോയി ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യുന്നു

ജില്ല പഞ്ചായത്തിന്റെ വിദ്യാശ്രീ പദ്ധതിക്ക് തുടക്കമായി

ജില്ലയിലെ പത്താംതരം ഹയര്‍ സെക്കന്‍ഡറി യോഗ്യതയില്ലാത്തവര്‍ക്കായി ജില്ല പഞ്ചായത്തിന്റെ 'വിദ്യാശ്രീ' സൗജന്യ തുല്യത പദ്ധതിക്ക് തുടക്കമായി. ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ലോഗോ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ദീനാമ്മ റോയി ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ജില്ലയിലെ പത്താംതരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കണ്ടെത്തി രജിസ്‌ട്രേഷന്‍ നടത്തും. ഓരോ 60 പഠിതാക്കള്‍ക്കും വേണ്ടി ജില്ലയുടെ വിവിധ മേഖലകളില്‍ പത്താംതരം, ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍. 17 വയസ്സ് പൂര്‍ത്തിയായ ഏഴാം തരം വിജയിച്ചവര്‍ക്കും എട്ടു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠനം അവസാനിപ്പിച്ചവര്‍ക്കും പത്താംതരം തുല്യത കോഴ്‌സിലേക്ക് സൗജന്യമായി രജിസ്‌ട്രേഷന്‍ ചെയ്യാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം ജയിച്ചവര്‍ക്കും പ്ലസ് ടു, പ്രീഡിഗ്രി പരാജയപ്പെട്ടവര്‍ക്കും ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉള്ളവര്‍ ആയിരിക്കണം. താല്‍പ്പര്യമുള്ളവര്‍ അതത് ഗ്രാമപഞ്ചായത്തിലെ പ്രേരക് മാരുമായി ബന്ധപ്പെടണം. ഒക്ടോബര്‍ 15 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. അതത് വിഷയങ്ങളില്‍ ബിരുദവും ബി.എഡും ഉള്ളവര്‍ക്ക് അധ്യാപകരായി പ്രവര്‍ത്തിക്കാം. ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സില്‍ അധ്യാപകരാകാന്‍ ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റും നിര്‍ബന്ധമാണ്. ഫോണ്‍: 0468 2220799.

date