ക്ഷയരോഗ നിവാരണത്തിന് കൂട്ടായ പരിശ്രമം ആവശ്യം: അബിന്‍ വര്‍ക്കി എംഎല്‍എ
ക്ഷയരോഗ നിവാരണത്തിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി പറഞ്ഞു. ദേശീയ ക്ഷയരോഗ നിവാരണ പരിപാടി ടി ബി മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ജോഷ് ടീം (ജോയിന്റ് സ്‌ക്വാഡ് ഫോര്‍ ഹെല്‍ത്ത്) രൂപീകരണത്തിന്റെയും സെമിനാറിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ജില്ലയെ 2030 ല്‍ ക്ഷയരോഗ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, യുവജനകാര്യ വകുപ്പ്, എന്‍. സി. സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ക്ഷയരോഗ പ്രവര്‍ത്തനങ്ങള്‍ ജോഷ് ടീം ഊര്‍ജിതമാക്കും. ബ്ലോക്ക് ലെവല്‍ നോഡല്‍ ഓഫീസര്‍മാര്‍, മൈഭാരത് വോളണ്ടിയര്‍മാര്‍, എന്‍.സി.സി അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ടീം രോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ ഏകോപിപ്പിക്കും. പത്തനംതിട്ട കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷത വഹിച്ചു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആര്‍ രാജലക്ഷ്മി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ മണികണ്ഠന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ജിനു ജി തോമസ്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ.രാധിക ഗോപന്‍, ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസര്‍ ഷംലാ ബീഗം, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ വിജയകുമാര്‍, ജില്ലാ വനിതാ ശിശു ക്ഷേമ വകുപ്പ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ തസ്നി, കോന്നി മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.അഞ്ജന, ടിബി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ ജയപ്രകാശ്, ജില്ലാ ഡെപ്യൂട്ടി എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ആര്‍ ദീപ, എന്‍.സി.സി ഓഫീസര്‍ വിഷ്ണു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജില്ലാ ക്ഷയരോഗ കേന്ദ്രം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. നിയാസ് ഷാ ക്ലാസ്സ് നയിച്ചു. ക്ഷയരോഗ ലക്ഷണങ്ങള്‍, നേരത്തെ ഉള്ള പരിശോധന, ചികിത്സ, പോഷകാഹാരം, പ്രതിരോധം എന്നിവയെ കുറിച്ചുള്ള ബോധവത്കരണത്തിനായി ഗൃഹ സന്ദര്‍ശനത്തിലൂടെ അവബോധം സൃഷ്ടിക്കുന്നതിനും യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ജോഷ് വോളന്റിയര്‍മാര്‍ പ്രവര്‍ത്തിക്കും. ചടങ്ങിനോട് അനുബന്ധിച്ച് ജില്ലയിലെ ക്ഷയരോഗ മുക്ത പഞ്ചായത്തുകളായ വള്ളിക്കോട്, കോന്നി, മൈലപ്ര, എനാദിമംഗലം, കടമ്പനാട്, നിരണം, ഇരവിപേരൂര്‍, നെടുമ്പ്രം എന്നിവരെയും കൂടാതെ നിക്ഷയ്മിത്ര, ടി.ബി ചാമ്പ്യന്‍ എന്നിവരെയും ആദരിച്ചു.
- Log in to post comments