പൊതുസ്ഥലങ്ങളിലെ അനധികൃത പരസ്യബോർഡുകൾ; മാറ്റിയില്ലെങ്കിൽ എഫ്.ഐ.ആറും കേസും
ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു
പൊതുഇടങ്ങളിലും പാതയോരങ്ങളിലും അപകടകരമായ രീതിയിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യബോർഡുകളും ഫ്ലെക്സുകളും നീക്കം ചെയ്യുന്നതിന് കർശന നടപടി സ്വീകരിക്കാൻ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഹൈക്കോടതിയുടെ ഉത്തരവുകൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്.
നിശ്ചിത സമയത്തിനകം പരസ്യ ബോർഡുകൾ നീക്കം ചെയ്യാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാനാണ് തീരുമാനം. അപകടകരമായ വിധത്തിൽ ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ അതത് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുമായി ബന്ധപ്പെട്ട് ശക്തമായ നടപടികൾ സ്വീകരിക്കും.
പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകുകയും തദ്ദേശ തലത്തിൽ സമിതികൾ ചേരാൻ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ സർവ്വകക്ഷി യോഗങ്ങൾ വിളിച്ചുചേർക്കും. കൂടാതെ, അനധികൃതമായി ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ പൊതുജനങ്ങളിൽ ബോധവത്കരണം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എൻ കെ ഹരീഷ്, ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധി ബി ബിബിൻ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ആസിഫ് അഫ്സൽ എന്നിവർ പങ്കെടുത്തു.
- Log in to post comments