നവരാത്രി പൂജയ്ക്കായി വിഗ്രഹഘോഷയാത്ര ആരംഭിച്ചു
നവരാത്രി പൂജയുമായി ബന്ധപ്പെട്ട് പത്മനാഭപുരത്ത് നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് മുന്നോടിയായുള്ള ഉടവാൾ കൈമാറ്റം പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്നു. ഉപ്പിരിക്ക മാളികയിൽ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ച തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാൾ പദ്മനാഭപുരം കൊട്ടാരം ഓഫീസർ കെ പി സധുവിൽ നിന്നും ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ സ്വീകരിച്ചു. തുടർന്ന് തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് ജോയിന്റ് കമ്മീഷണർ ജാൻസി റാണി വാൾ ഏറ്റുവാങ്ങിയതിനു ശേഷം ആചാരപ്രകാരം ദേവസ്വം മാനേജർ മോഹനന് കൈമാറി.
എംഎൽഎമാരായ എം ആർ ബൈജു, സി കെ ഹരീന്ദ്രൻ, എം വിൻസന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, കമ്മിഷണർ ബി സുനിൽകുമാർ, പദ്മനാഭപുരം എംഎൽഎ ആർ ചെല്ലസ്വാമി, കന്യാകുമാരി ജില്ലാ കളക്ടർ എം പ്രതാപ്, പോലീസ് സൂപ്രണ്ട് അൻശുൽ നഗർ, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി.
കേരള, തമിഴ്നാട് സായുധ പോലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി. തുടർന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രാവിലെ ഒൻപതോടെ തേവാരക്കെട്ട് സരസ്വതിദേവി വിഗ്രഹം ആനപ്പുറത്തേറി ഘോഷയാത്രയായി പുറത്തേക്ക് എഴുന്നള്ളി. തൊട്ടുപിന്നാലെ അലങ്കരിച്ച ഇരുപല്ലക്കുകളിലായി വേളിമല കുമാരസ്വാമിയും ശുചീന്ദ്രം മുന്നൂറ്റിനങ്കയും നീങ്ങി. രാത്രിയോടെ കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ എത്തുന്ന വിഗ്രഹങ്ങൾ അവിടെ ഇറക്കി പൂജ നടത്തും.
അടുത്ത ദിവസം (ഒക്ടോബർ 10) ഉച്ചയ്ക്ക് 12 ന് കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ എത്തുന്ന ഘോഷയാത്രയെ കേരള പോലീസ്, റവന്യൂ, തിരുവിതാംകൂർ ദേവസ്വം അധികൃതർ ചേർന്ന് ആചാരപൂർവം സ്വീകരിക്കും. തുടർന്ന് രാത്രി ഘോഷയാത്ര നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തും.
ഒക്ടോബർ 11ന് വൈകുന്നേരം ഘോഷയാത്ര തിരുവനന്തപുരത്ത് എത്തുന്നതോടെ നവരാത്രി ആഘോഷങ്ങൾ തുടങ്ങും. സന്ധ്യയോടെ ഘോഷയാത്ര കിഴക്കേക്കോട്ടയിൽ എത്തുമ്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ആചാരപ്രകാരം വരവേൽക്കും. പദ്മതീർഥത്തിലെ ആറാട്ടിനുശേഷം സരസ്വതിദേവിയെ നവരാത്രി മണ്ഡപത്തിൽ പൂജയ്ക്കിരുത്തും. കരമന മുതൽ വെള്ളിക്കുതിരപ്പുറത്ത് എഴുന്നള്ളിക്കുന്ന കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തും.
നവരാത്രി പൂജ കഴിഞ്ഞ് ഒരു ദിവസത്തെ നല്ലിരുപ്പിന് ശേഷം 23ന് വിഗ്രഹങ്ങളും ഉടവാളും തിരിച്ചെഴുന്നള്ളത്തായി പദ്മനാഭപുരത്തേക്ക് പുറപ്പെടും.
പി.എൻ.എക്‌സ്. 4233/2026
- Log in to post comments