Skip to main content
ജോഷ് ക്യാമ്പയിന് സംസ്ഥാനതല തുടക്കം

ജോഷ് ക്യാമ്പയിന് സംസ്ഥാനതല തുടക്കം

ക്ഷയരോഗമുക്ത കേരളത്തിന് അക്ഷീണ പ്രവര്‍ത്തനം അനിവാര്യം: മന്ത്രി കെ. മുരളീധരന്‍

2030ഓടെ ക്ഷയരോഗമുക്ത കേരളം എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിന് ജനകീയ മുന്നേറ്റത്തോടൊപ്പം അക്ഷീണ പ്രവര്‍ത്തനം അനിവാര്യമാണെന്ന് ആരോഗ്യ-കുടുംബക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ടി.ബി മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി രൂപീകരിച്ച ജോയിന്റ് സ്‌ക്വാഡ് ഫോര്‍ ഹെല്‍ത്ത് (ജോഷ് ഷീവെ) ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ജില്ലാ ആശുപത്രി ഐ.പി.പി. ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ക്ഷയരോഗം കണ്ടെത്തുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനുമൊപ്പം രോഗബാധയ്ക്ക് സാധ്യതയുള്ള വിഭാഗങ്ങളെ മുന്‍കൂട്ടി കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കുന്നതില്‍ ജോഷ് ടീമുകള്‍ നിര്‍ണായക പങ്കുവഹിക്കും. പ്രമേഹരോഗികള്‍, 60 വയസിന് മുകളിലുള്ളവര്‍, പുകവലിക്കുന്നവര്‍, മദ്യപിക്കുന്നവര്‍, കടുത്ത പോഷകാഹാരക്കുറവുള്ളവര്‍, വൃക്കരോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍, കിടപ്പിലായ രോഗികള്‍ തുടങ്ങിയ മുന്‍ഗണനാ വിഭാഗങ്ങളിലേക്ക് ക്ഷയരോഗ പരിശോധന വ്യാപിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്ഷയരോഗബാധയില്‍ കേരളത്തില്‍ 40 ശതമാനത്തിലധികം കുറവ് 2015നെ അപേക്ഷിച്ച് കുറവുണ്ടായി. ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം നേട്ടമാണിത്.

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതികളില്‍ തുക വകയിരുത്തി ക്ഷയരോഗികള്‍ക്ക് ചികിത്സാ കാലയളവില്‍ പോഷകാഹാര കിറ്റുകള്‍ നല്‍കുന്നുണ്ട്. സന്നദ്ധ സംഘടനകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നിക്ഷയ് മിത്ര പദ്ധതിയിലൂടെയും പോഷകാഹാര സഹായം ലഭ്യമാക്കുന്നുണ്ട്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെ വരുന്ന വിഭാഗത്തില്‍പ്പെട്ട ക്ഷയരോഗികള്‍ക്ക് ചികിത്സാ കാലയളവില്‍ പോഷകാഹാര സഹായം ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രതിമാസ ധനസഹായം 1,000 രൂപയില്‍ നിന്ന് 2,000 രൂപയായി ഉയര്‍ത്തിയതായും മന്ത്രി പറഞ്ഞു. ജോഷ് ടീമുകളില്‍ ഭാരത് വോളന്റിയര്‍മാരും എന്‍.സി.സി. വോളന്റിയര്‍മാരും ഓരോ ബ്ലോക്കിലും ജോയിന്റ് സ്‌ക്വാഡ് ഫോര്‍ ഹെല്‍ത്ത് ടീം രൂപീകരിക്കുന്നതിനായി ബ്ലോക്ക് തല ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓഫീസറെ സഹായിക്കുന്നതിനായി അഞ്ച് ഭാരത് വോളന്റിയര്‍മാരും അഞ്ച് എന്‍.സി.സി. വോളന്റിയര്‍മാരുമുണ്ടാകും. ഭൂരിഭാഗം സ്ഥലങ്ങളിലും നിയമന നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ 'ക്ഷയരോഗമുക്ത പഞ്ചായത്ത്', 'ക്ഷയരോഗമുക്ത വാര്‍ഡ്' എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 249 തദ്ദേശ സ്ഥാപനങ്ങള്‍ 'ക്ഷയരോഗമുക്ത പഞ്ചായത്ത്' പദവി നേടിയതായും മന്ത്രി അറിയിച്ചു.
തുടര്‍ച്ചയായി മൂന്ന് വര്‍ഷം 'ക്ഷയരോഗമുക്ത പഞ്ചായത്ത്' പദവി നിലനിര്‍ത്തി ഗോള്‍ഡ് അവാര്‍ഡ് നേടിയ നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. പാലക്കാട് ജില്ലയിലെ 166 ക്ഷയരോഗികളെ ദത്തെടുത്ത് ആറ് മാസത്തേക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്ത നിക്ഷയ് മിത്ര പദ്ധതിയിലെ ശ്രീകുറുമ്പ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിനെയും മന്ത്രി ആദരിച്ചു.

പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ.എ. തുളസി അധ്യക്ഷയായി. ആരോഗ്യദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ രേണു രാജ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ടി.ബി. ഓഫീസര്‍ ഡോ. സക്കീന കെ. വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു വിശിഷ്ടാതിഥിയായി.

ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീലാദേവി ടീച്ചര്‍, നിക്ഷയ് മിത്ര ഇനിഷ്യേറ്റീവ് സംസ്ഥാന കണ്‍സള്‍ട്ടന്റ് ഡോ. എലിസബത്ത് ജോയ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ബിന്ദു തോമസ് കെ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. റിയാസ് ബി., ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത പി.സി., ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഗ്‌നസ് ക്ലീറ്റസ്, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എഡിസണ്‍ പി., മൈ ഭാരത് ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍ പി, 28 കെ ബറ്റാലിയന്‍ എന്‍.സി.സി. ഒറ്റപ്പാലം സുബേദാര്‍ കമാന്‍ഡ് സോമനാഥ് ജി, ജില്ലാ ടി.ബി. ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. രേഷ്മ എം തുടങ്ങിയവര്‍ സംസാരിച്ചു. ജോഷ് ടീം ലോഞ്ചിന്റെ ദേശീയതല ഉദ്ഘാടനം കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി നദ്ദ ഓണ്‍ലൈനായി നിര്‍വഹിക്കുന്നതിന്റെ തത്സമയ സംപ്രേഷണവും ചടങ്ങില്‍ ഒരുക്കിയിരുന്നു.

 

date