കലക്ട്രേറ്റിൽ വ്യോമാക്രണം ഉണ്ടായാൽ (സങ്കൽപ്പത്തിൽ) എന്തുചെയ്യും; രക്ഷാപ്രവർത്തനം വിലയിരുത്തി മോക് ഡ്രിൽ
യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കം ഉറപ്പുവരുത്തുന്നതിന് അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനത്തിൽ കലക്ട്രേറ്റിൽ മോക് ഡ്രിൽ സംഘടിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയായി അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന് രാജ്യത്തുടനീളം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സിവിൽ ഡിഫൻസ് മോക് ഡ്രില്ലിന്റെ ഭാഗമായിട്ടായിരുന്നു കലക്ട്രേറ്റിലെ മോക് ഡ്രിൽ. 'വ്യോമാക്രമണവും അത് മൂലം സംഭവിക്കുന്ന അഗ്നിബാധയും കെട്ടിടങ്ങളുടെ തകർച്ചയും' എന്ന സാങ്കല്പിക സാഹചര്യം മുൻനിർത്തിയായിരുന്നു മോക് ഡ്രിൽ.
ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് വ്യോമാക്രമണം നടന്നതായി സൂചിപ്പിക്കുന്ന ആദ്യ സൈറൺ മുഴങ്ങിയതോടെയാണ് മോക് ഡ്രില്ലിന് തുടക്കമായത്. തുടർന്ന് കലക്ട്രേറ്റ് കെട്ടിടത്തിന്റെ പുറത്തും വരാന്തയിലും നിന്ന എല്ലാവരും കെട്ടിടത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി മാറി. ആക്രമണം അവസാനിച്ചതായി രണ്ടാം സൈറൺ മുഴങ്ങിയതോടെ കെട്ടിടത്തിനുള്ളിൽ നിന്നും ആളുകളെല്ലാം ലിഫ്റ്റ് ഉപയോഗിക്കാതെ കോണിപ്പടികൾ വഴി കലക്ട്രേറ്റ് വളപ്പിലെ അസംബ്ലി പോയിന്റിൽ എത്തി. കലക്ട്രേറ്റ് കൺട്രോൾ റൂമിൽ നിന്ന് പൊലീസ് കൺട്രോൾ റൂമിലേക്കും ചാമക്കട ഫയർ സ്റ്റേഷനിലേക്കും അറിയിപ്പ് നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. ഡിഎംഒയ്ക്ക് അറിയിപ്പ് നൽകിയതിനെ തുടർന്ന് ആംബുലൻസടക്കം സജ്ജീകരണങ്ങളുമായി മെഡിക്കൽ സംഘവും സ്ഥലത്തെത്തി. കെട്ടിടത്തിൽ പരിക്കേറ്റ് കുടുങ്ങിക്കിടന്ന അഞ്ച് പേരെ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും ചേർന്ന് കലക്ട്രേറ്റ് വളപ്പിൽ സജ്ജമാക്കിയ മെഡിക്കൽ എയ്ഡ് പോസ്റ്റിലെത്തിച്ചു. ഗുരുതര പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തും വരെ തെരച്ചിൽ തുടർന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മോക് ഡ്രില്ലിന്റെ ഭാഗമായി നടന്ന സാങ്കല്പിക ആക്രമണത്തിൽ ഒരാൾ മരിച്ചതായും പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയതായും സ്ഥിതിഗതികൾ വിലയിരുത്തിയ കലക്ടർ പ്രഖ്യാപിച്ചു.
തുടർന്ന് നടന്ന അവലോകനയോഗത്തിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള സംഘങ്ങളെ നയിച്ച ഉദ്യോഗസ്ഥർ ഓരോ വിഭാഗവും സ്വീകരിച്ച നടപടികൾ വിശദീകരിച്ചു. ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിക്കുന്നതിന് കലക്ട്രേറ്റ് ജീവനക്കാർക്ക് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പ്രായോഗിക പരിശീലനവും നൽകി.
ജില്ലാ കലക്ടർ ആനി ജൂല തോമസിന്റെ മേൽനോട്ടത്തിൽ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മോക് ഡ്രിൽ നടന്നത്. എഡിഎമ്മിന്റെ ചുമതല വഹിക്കുന്ന എസ് സനോബ്, ഡെപ്യൂട്ടി കലക്ടർ അനിൽ ഫിലിപ്പ്, ഹുസൂർ ശിരസ്തദാർ വിനോദ് കുമാർ, കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസിപി രാജേഷ് കുമാർ ആർ, കൊല്ലം വെസ്റ്റ് എസ്എച്ച്ഒ സരിത എം, ട്രാഫിക് എൻഫോഴ്സ്മെൻ്റ് എസ് ഐ സ്വാതി വി, ബോംബ് സ്ക്വാഡ് എസ് ഐമാരായ ജയമോഹൻ കെ, സന്തോഷ് കുമാർ, കൃഷ്ണകുമാർ , ഡോഗ് സ്ക്വാഡ് എ എസ് ഐ ശ്രീകുമാർ, ചാമക്കട അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എ ഷാജഹാൻ, ജില്ലാ മെഡിക്കൽ ഓഫീസ് ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ക്ലെനിൻ ഫ്രാൻസിസ് ഫെറിയ, കൊല്ലം ജില്ലാ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ലിജിമോൾ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹസാര്ഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിൽ റവന്യൂ, പൊലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യം അടക്കം വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.
- Log in to post comments