Skip to main content

'സന്തോഷത്തോടെ പഠിക്കാം': വിവിധ വകുപ്പുകളുടെ യോഗം ചേർന്നു 

 

'സന്തോഷത്തോടെ പഠിക്കാം' മാനസികാരോഗ്യ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപനയോഗം ചേർന്നു. അസിസ്റ്റന്റ് കളക്ടർ മാളവിക ജി നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൽ. ടി. സരിത കുമാരി ക്യാമ്പയിനെ പറ്റി വിശദീകരിച്ചു. 

സ്കൂൾ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക, പഠന സമ്മർദ്ദം കുറയ്ക്കുക, ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യങ്ങൾ. 

ഒക്ടോബർ 12 മുതൽ ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണ ക്ലാസുകൾ, സംവാദങ്ങൾ, കൗൺസിലിങ് സെഷനുകൾ, മാനസികാരോഗ്യ പിന്തുണയ്ക്കായുള്ള പ്രവർത്തനങ്ങൾ, തുടർ പരിചരണം എന്നിവ സംഘടിപ്പിക്കും. 

ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവ മുഖേന പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്നാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുക. വിദ്യാർത്ഥികൾ അധ്യാപകർ രക്ഷിതാക്കൾ എന്നിവരുടെ സജീവ പങ്കാളിത്തം ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ ഉറപ്പാക്കുവാൻ യോഗത്തിൽ തീരുമാനിച്ചു.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (15 ന് ) ചാലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് അസിസ്റ്റന്റ് കളക്ടർ മാളവിക ജി നായർ നിർവഹിക്കും.

യോഗത്തിൽ ജില്ലാ ആർ. സി. എച്ച് ഓഫീസർ ഡോ. നവ്യ ജെ. തൈക്കാട്ടിൽ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date