Skip to main content

കുട്ടികള്‍ക്ക് മാനസികാരോഗ്യ പിന്തുണ ഉറപ്പുവരുത്തണം: ഡെ. മേയര്‍ ഉദയ സുകുമാരന്‍ ‘സന്തോഷത്തോടെ പഠിക്കാം' കാമ്പയിന് ജില്ലയില്‍ തുടക്കം

മികച്ച തലമുറയെ വാര്‍ത്തെടുക്കാന്‍ കുട്ടികള്‍ക്ക് മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ കൂട്ടായ ഉത്തരവാദിത്തമാണിതെന്നും ഡെപ്യൂട്ടി മേയര്‍ ഉദയ സുകുമാരന്‍. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'സന്തോഷത്തോടെ പഠിക്കാം' കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തേവള്ളി മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു ഡെപ്യൂട്ടി മേയര്‍. ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം കൊല്ലം, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
പഠനസമ്മര്‍ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടല്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ നേരിടുന്ന വിദ്യാര്‍ഥികളെ നേരത്തേ തിരിച്ചറിഞ്ഞ് ആവശ്യമായ കൗണ്‍സലിങ്ങും മാനസികാരോഗ്യ പിന്തുണയും തുടര്‍പരിചരണവും ഉറപ്പുവരുത്തുകയാണ്  'സന്തോഷത്തോടെ പഠിക്കാം' കാമ്പയിന്റെ ലക്ഷ്യം.  ബോധവത്കരണ ക്ലാസുകള്‍, സംവാദങ്ങള്‍, കൗണ്‍സലിങ് സെഷനുകള്‍, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതില്‍ അധ്യാപകരുടെയും  രക്ഷിതാക്കളുടെയും പങ്ക് സംബന്ധിച്ച പ്രത്യേക ബോധവത്കരണം എന്നിവ പദ്ധതിയുടെ ഭാഗമാണ്. ഈ മാസം 17 വരെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം സര്‍ക്കാര്‍ സ്‌കൂളുകളില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മാനസികാരോഗ്യം വിഭാഗം, ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള മന:ശാസ്ത്ര വിദഗ്ധര്‍, മനോരോഗ വിദഗ്ധര്‍, എന്‍ എച്ച് എം ആര്‍ ബി എസ് കെ നഴ്‌സുമാര്‍, എ എഫ് എച്ച് സി കൗണ്‍സലര്‍മാര്‍ എന്നിവര്‍ ബോധവത്കരണവും കൗണ്‍സലിങ്ങും നടത്തും.  
ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ സദക്കത്ത് അധ്യക്ഷത വഹിച്ചു.  ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു നെല്‍സണ്‍ വിഷയാവതരണം നടത്തി. ജില്ലാ മാനസികാരോഗ്യ പരിപാടി സൈക്കോളജിസ്റ്റ് മഹേഷ് ബോധവത്കരണ ക്ലാസ് നയിച്ചു.  കൗണ്‍സിലര്‍ ശൈലജ, ജില്ലാ മാസ് മീഡിയ   ഓഫീസര്‍ ശ്രീകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഷാജി എസ്, സ്‌കൂള്‍ പ്രധാനാധ്യാപിക സഫീന, ഡെപ്യൂട്ടി മീഡിയ എജ്യുക്കേഷന്‍ ഓഫീസര്‍ ഷാലിമ, അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
 

 

date