Skip to main content

ജനകീയാസൂത്രണ പദ്ധതി: ആയവന ഗ്രാമപഞ്ചായത്തിൽ 10.41 ലക്ഷത്തിന്റെ ജൈവവള വിതരണം നടത്തി

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ആയവന ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന കർഷകർക്കുള്ള ജൈവവളവും കുമ്മായവും വിതരണം ചെയ്തു. 10,41,000 രൂപ വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ നിർവഹിച്ചു.

മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്തുന്നതിനും ജലസംരക്ഷണത്തിനും കർഷകർ പരമാവധി ജൈവകൃഷിരീതികൾ അവലംബിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ ഫാം ടൂറിസവുമായി ബന്ധപ്പെട്ട് വിപുലമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
 

ചടങ്ങിൽ ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീമോൻ പോൾ  അധ്യക്ഷനായി. ജൈവവളത്തിന്റെ ഗുണമേന്മയെ കുറിച്ചും ശരിയായ ഉപയോഗരീതികളെക്കുറിച്ചും കൃഷി ഓഫീസർ റജബ് കലാം വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി ജോർജ്, ഷെൽമി ജോൺസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോംസൺ, റബി ജോസ്, രാജൻ കടയ്ക്കോട്ട്, ജാൻസി, ഏനനെല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ജോമി, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

date