ഗാന്ധി ചിത്രരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധി ചിത്രരചനാ മത്സരത്തിലെ (വാട്ടർ കളർ) വിജയികളെ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളിൽ ഗാന്ധിയൻ ആശയങ്ങളെക്കുറിച്ചും സർഗാത്മകതയെക്കുറിച്ചുമുള്ള അവബോധം വളർത്തുന്നതിനായി സംഘടിപ്പിച്ച മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നായി മുന്നൂറോളം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. വാട്ട്സ്ആപ്പ് മാർഗ്ഗം ഓൺലൈനായി കുട്ടികൾ അയച്ചുനൽകിയ ചിത്രങ്ങളിൽ നിന്നുമാണ് വിജയികളെ തിരഞ്ഞെടുത്തത്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് ഒക്ടോബർ 16ന് ഉച്ചയ്ക്ക് 1.30ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ കളക്ടറുടെ ചേംബറിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
ഹൈസ്കൂൾ വിഭാഗത്തിൽ ഫോർട്ട് കൊച്ചി സെന്റ് മേരീസ് എ.ഐ.ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി ആൻ പോളി റാഫേൽ ഒന്നാം സ്ഥാനം നേടി. മൂവാറ്റുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ലിയോൺ സിജു രണ്ടാം സ്ഥാനവും പിറവം സെന്റ് ജോസഫ് അപ്പർ പ്രൈമറി ആൻഡ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി സൂരജ് പ്രകാശ് മൂന്നാം സ്ഥാനവും നേടി.
യു.പി. വിഭാഗത്തിൽ അങ്കമാലി ഡി പോൾ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ആവണി വൈദേഹി കെ.എ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പള്ളിപ്പുറം എൽ.എഫ്. യു.പി.എസ്. വിദ്യാർഥി ദേവാനന്ദ് കെ.എ. രണ്ടാം സ്ഥാനവും പിറവം ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ആൽബർട്ട് ഏലിയാസ് മൂന്നാം സ്ഥാനവും നേടി.
എൽ.പി. വിഭാഗത്തിൽ തൃക്കാക്കര സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ജി. ഗ്രിതുദേവ് ഒന്നാം സ്ഥാനം നേടി. മഞ്ഞുമ്മൽ ഗാർഡിയൻ ഏയ്ഞ്ചൽസ് യു.പി.എസ് നാലാം ക്ലാസ്സ് വിദ്യാർഥിനി ഇവാന ഗ്രേസ് സ്റ്റാലിൻ രണ്ടാം സ്ഥാനവും പള്ളുരുത്തി ഔവർ ലേഡീസ് സി.ജി.എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ആസിയ പി.ആർ. മൂന്നാം സ്ഥാനവും നേടി.
- Log in to post comments