ആഗോള കൈ കഴുകല് ദിനാചരണം: 'ഹാന്ഡ് വാഷിംഗ് ഹീറോ' സംഘടിപ്പിച്ചു
കൈകളുടെ ശുചിത്വം ഉറപ്പാക്കി പകര്ച്ചവ്യാധികളെ പ്രതിരോധിക്കാമെന്ന സന്ദേശത്തെ മുന്നിര്ത്തി തൃക്കടീരി പി.ടി.എം എച്ച്.എസ്.എസില് ആഗോള കൈകഴുകല് ദിനാചരണം 'ഹാന്ഡ് വാഷിംഗ് ഹീറോ' സംഘടിപ്പിച്ചു. രോഗപ്രതിരോധ പ്രവര്ത്തനത്തില് കൈകഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ലോകാരോഗ്യ സംഘടന നിര്ദ്ദേശിക്കുന്ന കൈ കഴുകല് രീതികളെകുറിച്ചും (സെവന് സ്റ്റെപ്സ് ഓഫ് ഹാന്ഡ് വാഷിംഗ്) വിദ്യാര്ഥികള്ക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. ജില്ലാ മെഡിക്കല് ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യവും സംയുക്തമായി നടത്തിയ പരിപാടിയില് ടെക്നിക്കല് അസിസ്റ്റന്റ് കെ അബ്ദുള് മജീദ്, ജില്ലാ പബ്ലിക്ക് ഹെല്ത്ത് നേഴ്സ് റോസ്ലി എന്നിവര് ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നല്കി. ജില്ലാ എഡ്യുക്കേഷന് & മീഡിയ ഓഫീസര് എസ് സയന, ഡെപ്യൂട്ടി ജില്ലാ എഡുക്കേഷന് മീഡിയ ഓഫീസര് പി.പി രജിത, ആരോഗ്യ പ്രവര്ത്തകര്, തുടങ്ങിയവര് പങ്കെടുത്തു.
കൈകഴുകേണ്ടത് എപ്പോഴെല്ലാം?
* ഭക്ഷണം പാചകം ചെയ്യുന്നതിന് മുന്പ്
* ഭക്ഷണം കഴിക്കുന്നതിന് മുന്പ്
* തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും കൈകൊണ്ടോ തൂവാല ഉപയോഗിച്ചോ മൂടിയതിന് ശേഷം.
* ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷം
* കുഞ്ഞുങ്ങളുടെയും കിടപ്പുരോഗികളുടെയും ഡയപ്പറുകള് മാറ്റിയശേഷം.
* മലമൂത്രവിസര്ജനം ചെയ്ത കുഞ്ഞുങ്ങളെ വൃത്തിയാക്കിയതിന് ശേഷം.
* അസുഖബാധിതരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നതിന് മുന്പും ശേഷവും വയറിളക്കം, മഞ്ഞപ്പിത്തം പോലുള്ള അസുഖ ബാധിതര് ഉപയോഗിച്ച വസ്ത്രങ്ങള്, പാത്രങ്ങള് മറ്റ് വസ്തുകള് എന്നിവ കൈകാര്യം ചെയ്തതിന് ശേഷം
* മുറിവ് കഴുകി വൃത്തിയാക്കുന്നതിന് മുന്പും ശേഷവും
* മാലിന്യങ്ങള് കൈകാര്യം ചെയ്തിന് ശേഷം.
* വളര്ത്തു മൃഗങ്ങളെ സ്പര്ശിച്ചതിന് ശേഷവും അവയുടെ കൂട്, പാത്രം മുതലായവ കൈകാര്യം ചെയ്തതിന് ശേഷവും.
- Log in to post comments