ദുരന്തങ്ങളെ അതിജീവിക്കുന്ന പത്തനംതിട്ട: പ്രതിരോധശേഷിയുള്ള ജില്ലയ്ക്കായി വേറിട്ടൊരു ചുവടുവെപ്പ് ജനപങ്കാളിത്തത്തിലൂടെ ദുരന്തനിവാരണത്തിന് പുതിയ ദിശ തുറന്ന് ജില്ലാ ദുരന്തപ്രതിരോധശേഷി ആസൂത്രണ ശില്‍പ്പശാല
ദുരന്തം സംഭവിച്ചുകഴിഞ്ഞ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതില്‍നിന്ന്, ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് നാശനഷ്ടങ്ങള്‍ പരമാവധി കുറയ്ക്കാന്‍ സമൂഹത്തെ സജ്ജമാക്കുക എന്നതിലേക്കുള്ള മാറ്റം. ദുരന്തമുണ്ടാകുമ്പോള്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കപ്പുറം, ദുരന്തസാധ്യതകള്‍ കുറയ്ക്കാന്‍ വികസന ആസൂത്രണത്തില്ത്തന്നെ മാറ്റങ്ങള്‍ കൊണ്ടുവരിക. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും വിവിധ വകുപ്പുകളെയും പ്രാദേശിക സമൂഹങ്ങളെയും ഒരേ വേദിയിലെത്തിച്ച് പ്രായോഗികമായ പ്രതിരോധമാര്‍ഗങ്ങള്‍ കണ്ടെത്തുക. ഇത്തരത്തിലൊന്നായി മാറുകയായിരുന്നു ജില്ലാ ദുരന്തനിവരാണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല..... ദുരന്തമുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം ഏതു പ്രദേശത്താണ് ആദ്യം അപകടസാധ്യത ഉയരുന്നത്, ഏതു ജനവിഭാഗങ്ങളാണ് കൂടുതല്‍ ദുര്‍ബലര്‍, ഏതൊക്കെ അടിസ്ഥാനസൗകര്യങ്ങളാണ് അപകടത്തിലാകുന്നത്, മുന്നറിയിപ്പ് ലഭിച്ചാല്‍ ജനങ്ങളെ എത്ര വേഗത്തില്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനാകും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മുന്‍കൂട്ടി ഉത്തരം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് ശില്‍പ്പശാല വിരല്‍ ചൂണ്ടി.
ദുരന്തസാധ്യതകളെ തിരിച്ചറിയുക, അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തുക, മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, വികസനപദ്ധതികളില്‍ ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടുത്തുക എന്നിവയിലൂടെ പ്രതിരോധത്തെ ഭരണസംവിധാനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുന്ന ഒരു സമീപനത്തിലേക്കും ശില്‍പ്പശാലയില്‍ അവതരണങ്ങള്‍ വെളിച്ചം വീശി. പത്തനംതിട്ടയുടെ ദുരന്തപ്രതിരോധശേഷി പദ്ധതി തയ്യാറാക്കുന്നതിനുള്ള പൊതുവായ അപകടസാധ്യതാ ചിത്രം, മുന്‍ഗണന നല്‍കേണ്ട പ്രദേശങ്ങള്‍, വകുപ്പുകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ കണ്ടെത്താനുള്ള വേദിയായിക്കൂടി ശില്‍പ്പശാല മാറി.
ഇതിന്റെ തുടര്‍ച്ചയായി നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കുകയും മുന്‍ഗണനാക്രമത്തില്‍ പദ്ധതികള്‍ തയ്യാറാക്കുകയും ആവശ്യമായ സാമ്പത്തിക-സാങ്കേതിക വിഭവങ്ങള്‍ കണ്ടെത്തുകയും നടപ്പാക്കല്‍ നിരീക്ഷിക്കുകയും വേണമെന്നും ശില്‍പ്പശാലയിലെ ചര്‍ച്ചകള്‍ വിരല്‍ ചൂണ്ടി.
ദുരന്തപ്രതിരോധത്തെ വിവിധ മേഖലകളുമായി ബന്ധപ്പെടുത്തി സമഗ്രമായി സമീപിക്കുന്നു എന്നതായിരുന്നു ശില്‍പ്പശാലയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത
അപകടസാധ്യതാ ഭൂപടനിര്‍മാണം, ദുരന്തസാധ്യത പരിഗണിച്ചുള്ള വികസന ആസൂത്രണം, മുന്നറിയിപ്പും തയ്യാറെടുപ്പും, നീര്‍ത്തടാധിഷ്ഠിത സമീപനങ്ങള്‍, നീരൊഴുക്കുപാതകളുടെയും പരിസ്ഥിതിവ്യവസ്ഥകളുടെയും സംരക്ഷണം, വിവിധ വകുപ്പുകളുടെ ഏകോപനം, ജനപങ്കാളിത്തവും സ്ഥാപനങ്ങളുടെ ശേഷിവര്‍ധനവും, ദുരന്തത്തിനുശേഷം കൂടുതല്‍ കരുത്തോടെ പുനര്‍നിര്‍മാണം എന്നിവയാണ് ചര്‍ച്ചയ്ക്കായി തെരഞ്ഞെടുത്ത എട്ടു പ്രധാന മേഖലകള്‍.
പ്രകൃതിദുരന്തങ്ങളെ പൂര്‍ണമായി തടയാനാവില്ല. എന്നാല്‍ അവ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ കഴിയും. അതിന് അപകടസാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിയണം, ശാസ്ത്രീയമായ ആസൂത്രണം വേണം, വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഉറപ്പാക്കണം, ജനങ്ങളെ ബോധവത്കരിക്കണം, പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം.
ഈ തിരിച്ചറിവിനെ പ്രായോഗിക പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കാനുള്ള ശ്രമമെന്ന നിലയില്‍കൂടി പത്തനംതിട്ടയിലെ ജില്ലാ ദുരന്തപ്രതിരോധശേഷി ആസൂത്രണ ശില്‍പ്പശാല വേറിട്ട ചുവടുവെയ്പ്പായി.
ദുരന്തം വന്നതിനുശേഷം എങ്ങനെ അതിജീവിക്കാം എന്ന ചോദ്യത്തിനൊപ്പം, ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഇന്ന് എന്തുചെയ്യണം എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തുമ്പോഴാണ് യഥാര്‍ഥ പ്രതിരോധശേഷി രൂപപ്പെടുന്നത്.
സര്‍ക്കാര്‍ സംവിധാനങ്ങളും തദ്ദേശസ്ഥാപനങ്ങളും വിദഗ്ധരും പൊതുസമൂഹവും കൈകോര്‍ത്ത ഈ ശില്‍പ്പശാല വ്യക്തമായ പ്രവര്ത്തനപദ്ധതികളിലേക്കും സമയബന്ധിതമായ നടപടികളിലേക്കും വളരുകയാണെങ്കില്‍, പത്തനംതിട്ടയുടെ സുരക്ഷിതമായ ഭാവിക്കായി അത് നിര്‍ണായകമായ ഒരു ചുവടുവെപ്പായി മാറും എന്ന പ്രതീക്ഷയും ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ പ്രകടിപ്പിച്ചു.
ജില്ലയില്‍ ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പത്തനംതിട്ട ജില്ലയില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, വരള്‍ച്ച തുടങ്ങി ആവര്‍ത്തിച്ചുവരുന്ന ദുരന്തങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത പ്രതിരോധശേഷി പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര ദുരന്ത സാധ്യത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കഴിഞ്ഞ ഓഗസ്റ്റില്‍ ഉണ്ടായ കാലവര്‍ഷക്കെടുതി ജില്ലയെ സാരമായി ബാധിച്ചു. ഇനിയൊരു ദുരന്തം ഉണ്ടായാല്‍ അതിന്റെ ആഘാതം കുറയ്ക്കാന്‍ നമുക്ക് കഴിയണം. ഇതിന് കൃത്യമായ മുന്നൊരുക്കം ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് ദുരന്ത പ്രതിരോധശേഷി പദ്ധതി തയ്യാറാക്കുന്നത്. എല്ലാ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം പദ്ധതി രൂപീകരണത്തില്‍ ഉറപ്പാക്കണമെന്നും അവര്‍ പറഞ്ഞു.
പദ്ധതി തയ്യാറാക്കുന്നതിനോടൊപ്പം ദുരന്തനിവാരണത്തിന് കൃത്യമായ ആസൂത്രണവും ആവശ്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദുരന്തനിവാരണ, പരിസ്ഥിതി വിദഗ്ധന്‍ ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ലഭിച്ചാല്‍ എന്തു ചെയ്യണമെന്നുള്ളതില്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമായ ധാരണ നല്‍കണം. ഫലപ്രദമായ ഭൂവിനിയോഗ ആസൂത്രണത്തിനും ഏറെ പ്രധാനം ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലയുടെ രൂപരേഖയും ദുരന്തസാധ്യതയും സംബന്ധിച്ച് ജില്ലാ കലക്ടര്‍ എ നിസാമുദ്ദീന്‍ വിഷയാതവതരണം നടത്തി. ദുരന്ത ലഘൂകരണത്തിനായി സാങ്കേതിക മുന്നറിയിപ്പ് സംവിധാനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്യക്ഷമമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. സൈറണുകള്‍, മഴമാപിനികള്‍, നദികളില്‍ ക്യാമറ, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്, ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള റൂട്ടിംഗ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഒരേ അപകട സാധ്യതകളുള്ള പ്രദേശങ്ങളെ ചെറിയ ഭൂപ്രകൃതി മേഖലകളായി തിരിച്ചുകൊണ്ടുള്ള പോളിഗണ് രീതി, വിവിധ വകുപ്പുകളില്‍ നിന്ന് ഡേറ്റ ശേഖരിച്ച് സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കല്‍, വരള്‍ച്ച നിയന്ത്രണത്തിനും പ്രളയനിര്മാര്ജനത്തിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ എങ്ങനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് കലക്ടര്‍ വിശദീകരിച്ചു. ഈ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച് 2027 നവംബറോടെ പദ്ധതി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാറുന്ന കാലാവസ്ഥയും ആഘാതവും എന്ന വിഷയത്തില്‍ കുസാറ്റിലെ പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. എസ് അഭിലാഷ് ക്ലാസ് നയിച്ചു.
ദുരന്ത പ്രതിരോധശേഷിക്കായി നീര്‍ത്തട അടിസ്ഥാന ആസൂത്രണത്തിലൂടെയുള്ള പ്രകൃതി വിഭവങ്ങളുടെ മാനേജ്മെന്‍് എന്ന വിഷയത്തില്‍ മണ്ണ് സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് അരുണ്‍കുമാറും ദുരന്തനിവാരണത്തില്‍ തദ്ദേശ സ്വയംഭരണ സര്‍ക്കാരുകളുടെ പങ്ക് എന്ന വിഷയത്തില്‍ കില അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മോനിഷ് ജോസും അവതരണം നടത്തി.
പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എ വിജയന്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്, ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് അജിത്ത് ശ്രീനിവാസ്, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments