എംപി ഫണ്ട് വിനിയോഗത്തില് രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമായി കേരളത്തെ മാറ്റണം : കൊടിക്കുന്നില് സുരേഷ് എംപി
എംപി ഫണ്ട് വിനിയോഗത്തില് രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമായി കേരളത്തെ മാറ്റണമെന്ന് എംപിമാരുടെ പ്രാദേശിക വികസന പദ്ധതി (എംപിലാഡ്സ്) സംബന്ധിച്ച ലോക്സഭാ കമ്മിറ്റി അധ്യക്ഷന് കൂടിയായ കൊടിക്കുന്നില് സുരേഷ് എംപി. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നവംബര് രണ്ടിന് നടത്തുന്ന കൂടിക്കാഴ്ചയില് എംപിലാഡ്സ് പദ്ധതി നിര്വഹണം ലളിതമാക്കാന് ചട്ടങ്ങളില് ഭേദഗതികള് കൊണ്ടുവരണമെന്ന് നിര്ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാവേലിക്കര ലോക്സഭാ മണ്ഡലത്തില് എംപി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാന് കൊല്ലം കലക്ട്രേറ്റ് കോണ്ഫറന്സ് ഹാളില് നടന്ന യോഗത്തില് സംസാരിക്കുകയായിരുന്നു എംപി. എംപി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള് സമയബന്ധിതമായി പൂര്ത്തിയാക്കാന് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് യോഗത്തില് നിര്വഹണ ഉദ്യോഗസ്ഥരോട് അദ്ദേഹം നിര്ദേശിച്ചു. യാഥാര്ഥ്യബോധത്തോടെ പദ്ധതികള് തയ്യാറാക്കുകയും പ്രായോഗിക തടസ്സങ്ങളുണ്ടെങ്കില് അപ്പപ്പോള് എംപിയെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അറിയിക്കുകയും ചെയ്യണമെന്നും എംപി ഉദ്യോഗസ്ഥരെ ഓര്മിപ്പിച്ചു.
ചെങ്ങന്നൂര്, മാവേലിക്കര, ഹരിപ്പാട്, ചമ്പക്കുളം, വെളിയനാട്, ഭരണിക്കാവ്, ശാസ്താംകോട്ട, കൊട്ടാരക്കര, ചിറ്റുമല, വെട്ടിക്കവല, പത്തനാപുരം, മാടപ്പള്ളി, പള്ളം താലൂക്കുകളിലെയും മാവേലിക്കര, ചെങ്ങന്നൂര്, ചങ്ങനാശ്ശേരി, കൊട്ടാരക്കര മുനിസിപ്പാലിറ്റികളിലെയും വിവിധ പദ്ധതികള് യോഗത്തില് അവലോകനം ചെയ്തു. പതിനേഴാം ലോക്സഭാ കാലയളവില് 2025.59 ലക്ഷം രൂപയുടെ പദ്ധതികള്ക്ക് ഭരണാനുമതി നല്കി. ഭരണാനുമതി നല്കിയ 293 പദ്ധതികളില് 278 എണ്ണവും പൂര്ത്തിയായി. 15 എണ്ണം പൂര്ത്തീകരണ ഘട്ടത്തിലാണ്. പതിനെട്ടാം ലോക്സഭയുടെ കാലയളവില് 1059.14 ലക്ഷം രൂപയുടെ പദ്ധതികള്ക്ക് ഭരണാനുമതി നല്കിയതില് 83 പദ്ധതികള് ഇതിനോടകം പൂര്ത്തിയായിക്കഴിഞ്ഞു. 77 എണ്ണത്തിന്റെ പ്രവൃത്തികള് പുരോഗമിക്കുകയാണ്. മറ്റ് പദ്ധതികള് വേഗത്തില് നടപ്പാക്കാനുള്ള നിര്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്ക് എംപി നല്കി. വെട്ടിക്കവല ഗ്രാമ പഞ്ചായത്തിലെ കോട്ടവട്ടം നോര്ത്ത് വാര്ഡ് പതിനൊന്നില് പനയില്തോടിന് കുറുകെയുള്ള പാലത്തിന്റെ നിര്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് പരിഹരിക്കാന് എംപിയും ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും അടക്കം പങ്കെടുക്കുന്ന യോഗം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തില് വച്ച് ഉടന് ചേരാനും തീരുമാനമായി.
കൊല്ലം എഡിഎമ്മിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര് സനോബ് എസ് ജില്ലാ കലക്ടറുടെ പ്രതിനിധിയായി യോഗത്തില് പങ്കെടുത്തു. കൊല്ലം ജില്ലാ പ്ലാനിങ് ഓഫീസര് ഉല്ലാസ് ജി, ആലപ്പുഴ ജില്ലാ പ്ലാനിങ് ഓഫീസര് ദീപ ശിവദാസന്, കൊടിക്കുന്നില് സുരേഷ് എംപിയുടെ പിഎമാരായ പ്രദീപ് കുമാര്, ആസാദ് എന്നിവരും വിവിധ ബ്ലോക്ക് പഞ്ചായത്തുകളില് നിന്നുള്ള ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments