ആഗോള കൈ കഴുകല് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല സെമിനാര് സംഘടിപ്പിച്ചു
കൈകളുടെ ശുചിത്വം ഉറപ്പാക്കി പകര്ച്ചവ്യാധികള് പ്രതിരോധിക്കാം എന്ന സന്ദേശവുമായി ജില്ലാ മെഡിക്കല് ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി ആഗോള കൈകഴുകല് ദിനാചരണവും വിദ്യാര്ഥികള്ക്കായി ജില്ലാതല സെമിനാറും സംഘടിപ്പിച്ചു. തൃക്കടവൂര് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള അഞ്ചാലുമ്മൂട് സര്ക്കാര് ഹയര് സെക്കന്ഡറി സ്കൂളില് ആണ് 'കൈകഴുകാം, ഹീറോ ആകാം സന്തോഷത്തോടെ പഠിക്കാം' എന്ന പേരില് ബോധവത്കരണ സെമിനാര് സംഘടിപ്പിച്ചത്. കൊല്ലം കോര്പ്പറേഷന് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന് എം എസ് ഗോപകുമാര് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന് മീഡിയ ഓഫീസര് അജിത്ത്കുമാര് ഡി, എം എല് എസ് പി ആന്സി റേയ്ചല്, അഡോളസെന്റ് ഹെല്ത്ത് കൗണ്സിലര് ഹൈമ എന്നിവര് നയിച്ച സെമിനാറില് രോഗപ്രതിരോധ പ്രവര്ത്തനത്തില് കൈകഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ലോകാരോഗ്യ സംഘടന നിര്ദേശിക്കുന്ന കൈ കഴുകല് രീതികളെകുറിച്ചും വിശദീകരിച്ചു. സ്കൂളിലെ വിദ്യാര്ഥികള്ക്കൊപ്പം തൃക്കടവൂര് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്ത്തകര്, എന് എസ് എസ് വോളണ്ടിയര്മാര്, അധ്യാപകര് തുടങ്ങിയവര് പങ്കെടുത്തു. പി ടി എ പ്രസിഡന്റ് ബിജു ആര് നായര് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില് പ്രിന്സിപ്പല് ഷൈജു ടി എസ് ദിനാചരണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ എഡ്യൂക്കേഷന് മീഡിയ ഓഫീസര് ശ്രീകുമാര് എസ്, ജില്ലാ പബ്ലിക്ക് ഹെല്ത്ത് നഴ്സ് സിന്ധു ഒ, ഹെല്ത്ത് ഇന്സ്പെക്ടര് ജ്യോതി സീബ എന്നിവര് സംസാരിച്ചു.
കൈ കഴുകല് ഏറെ പ്രാധാന്യമുള്ളത്
പ്രായഭേദമെന്യേ എല്ലാവര്ക്കും ലളിതമായി ചെയ്യാന് കഴിയുന്ന ഫലപ്രദമായ രോഗപ്രതിരോധ മാര്ഗമാണ് കൈകഴുകല്. സോപ്പും വെള്ളവുമുപയോഗിച്ച് 20 സെക്കന്ഡെങ്കിലും കൈകള് നന്നായി തേച്ചുരച്ച് കഴുകുന്നത് ശീലമാക്കണം. കൊവിഡ്, ജലജന്യരോഗങ്ങളായ വയറിളക്കം, ടൈഫോയ്ഡ്, ഷിഗെല്ല, ഹെപ്പറ്റൈറ്റിസ്-എ&ഇ, നോറോവൈറസ് തുടങ്ങിയവ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്, ത്വക്ക് രോഗങ്ങള്, വിരകള് മൂലമുള്ള ആരോഗ്യപ്രശ്നങ്ങള് എന്നിവ പ്രതിരോധിക്കുന്നതില് കൈകഴുകലിന് വലിയ പങ്കുണ്ട്.
കൈകഴുകേണ്ടത് എപ്പോഴെല്ലാം?
* ഭക്ഷണം പാകം ചെയ്യുന്നതിന് മുന്പ്
* ഭക്ഷണം കഴിക്കുന്നതിന് മുന്പ്
* തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും കൈകൊണ്ടോ തൂവാല ഉപയോഗിച്ചോ മൂടിയതിന് ശേഷം
* ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷം
* കുഞ്ഞുങ്ങളുടെയും കിടപ്പുരോഗികളുടെയും ഡയപ്പറുകള് മാറ്റിയശേഷം
* മലമൂത്രവിസര്ജനം ചെയ്ത കുഞ്ഞുങ്ങളെ വൃത്തിയാക്കിയതിന് ശേഷം
* അസുഖബാധിതരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നതിന് മുന്പും ശേഷവും
* വയറിളക്കം, മഞ്ഞപ്പിത്തം പോലുള്ള അസുഖമുള്ളവര് ഉപയോഗിച്ച വസ്ത്രങ്ങള്, പാത്രങ്ങള്, മറ്റ് വസ്തുക്കള് എന്നിവ കൈകാര്യം ചെയ്തതിന് ശേഷം
* മുറിവ് കഴുകി വൃത്തിയാക്കുന്നതിന് മുന്പും ശേഷവും
* മാലിന്യം കൈകാര്യം ചെയ്തതിന് ശേഷം
* വളര്ത്തുമൃഗങ്ങളെ സ്പര്ശിച്ചതിന് ശേഷവും അവയുടെ കൂട്, പാത്രം മുതലായവ കൈകാര്യം ചെയ്തതിന് ശേഷവും
- Log in to post comments