സ്വകാര്യ-സഹകരണ പങ്കാളിത്തത്തോടെയുള്ള വികസന നയമാണ് സംസ്ഥാനത്തിന് ആവശ്യം: മന്ത്രി പി.കെ. ബഷീർ
മലപ്പുറം: സർക്കാർ ഫണ്ടുകളെ മാത്രം ആശ്രയിക്കുന്ന രീതിയിൽ നിന്നും മാറി, സ്വകാര്യ-സഹകരണ പങ്കാളിത്തത്തോടെയുള്ള വികസന നയമാണ് സംസ്ഥാനത്തിന് ആവശ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡിന്റെ ജില്ലാതല ആശയരൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ റോഡുകൾക്കും ബൈപാസുകൾക്കും ആവശ്യമായ തുക കണ്ടെത്താൻ നാട്ടിലെയും പ്രവാസി മേഖലയിലെയും നിക്ഷേപകരെ ഉൾപ്പെടുത്തി 'ജോയിന്റ് വെഞ്ചർ' മാതൃകയിൽ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി.
സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്ന പ്രവണത ഇനി അനുവദിക്കില്ലെന്ന് മന്ത്രി കർശന നിർദേശം നൽകി. കുറഞ്ഞത് 80 ശതമാനം സ്ഥലമെങ്കിലും ഏറ്റെടുക്കാതെ യാതൊരുവിധ നിർമ്മാണ പ്രവൃത്തികളും ആരംഭിക്കില്ല. അപ്രോച്ച് റോഡുകൾക്ക് സ്ഥലം ലഭിക്കാതെ പാലങ്ങളുടെ നിർമ്മാണം തുടങ്ങുന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതയും വർഷങ്ങളുടെ കാലതാമസവും ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പിന് കീഴിൽ പ്രത്യേക റെവന്യൂ വിഭാഗം സജ്ജമാക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.
മലപ്പുറം ജില്ലയിൽ മികച്ച അത്ലറ്റിക് ട്രാക്കോട് കൂടിയ സ്പോർട്സ് അക്കാദമി, പുതിയ കാൻസർ ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളേജിന്റെ നവീകരണം തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ വികസന പദ്ധതികളുടെ ഭാഗമായി പരിഗണിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ലഭിക്കുന്ന പുതിയ ആശയങ്ങൾ ക്രോഡീകരിച്ചാകും പദ്ധതികൾക്ക് രൂപം നൽകുകയെന്നും, ഡിസംബർ പകുതിയോടെ 14 ജില്ലകളിലെയും യോഗങ്ങൾ പൂർത്തിയാക്കി പ്ലാനിങ് ബോർഡ് പുതിയ വികസന രേഖയ്ക്ക് അന്തിമരൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- Log in to post comments