കൈയ്യോട് കൈ' ക്യാംപയിൻ. വിദ്യാർഥികൾക്ക് ശുചിത്വ ക്വിസ് മത്സരം സംഘടിപ്പിച്ചു
വട്ടംകുളം ഗ്രാമപഞ്ചായത്തിൽ 'കൈയ്യോട് കൈ' ശുചിത്വ ക്യാംപയിനോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി ശുചിത്വ ക്വിസ് മത്സരം സംഘടിപ്പിച്ചു. നിർമലം - പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ബാല്യത്തിൽ മുതൽ കൃത്യമായ മാലിന്യ സംസ്കരണ ശീലങ്ങളും ശുചിത്വ അവബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.
മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ പഞ്ചായത്ത് തലത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വിതരണം ചെയ്യും. ക്യാംപയിന്റെ ഭാഗമായി വരും ദിവസങ്ങളിലും വിദ്യാലയങ്ങളെയും പൊതുജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് വിവിധ ബോധവത്ക്കരണ പരിപാടികളും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
പരിപാടി വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജിമോൾ പാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം എ നജീബ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുൽ മജീദ് കഴുങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി സുമതി, മെമ്പർ ചന്ദ്രബോസ്, ശുചിത്വ മിഷൻ കോഡിനേറ്റർ റിയാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.
- Log in to post comments