Skip to main content

*വനിതാ സംരംഭങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ദാക്ഷായണി പദ്ധതി 10 ലക്ഷം വരെ സാമ്പത്തിക സഹായം*

പട്ടികജാതി വിഭാഗക്കാരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാന്‍ പിന്തുണയേകി സംസ്ഥാന സര്‍ക്കാരിന്റെ ദാക്ഷായണി പദ്ധതി. സ്റ്റാര്‍ട്ടപ്പ്, നവീന സാങ്കേതികവിദ്യ, സേവന-ഉത്പാദന-കാര്‍ഷിക അനുബന്ധ മേഖലകളില്‍ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കി സ്ഥിര വരുമാനമാര്‍ഗ്ഗം സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യം.  പദ്ധതിപ്രകാരം കുറഞ്ഞത് അഞ്ച് വനിതകള്‍ ഉള്‍പ്പെടുന്ന സ്വയംസഹായ സംഘങ്ങള്‍ക്ക് നൂതന സംരംഭങ്ങള്‍ ആരംഭിക്കാന്‍  അംഗീകൃത പദ്ധതിച്ചെലവിന്റെ 75 ശതമാനം വരെ പരമാവധി 10 ലക്ഷം രൂപയും വ്യക്തിഗത സംരംഭങ്ങളുടെ വിപുലീകരണത്തിന് പദ്ധതി ചെലവിന്റെ 75 ശതമാനം വരെ പരമാവധി 3.75 ലക്ഷം രൂപയും സഹായമായി അനുവദിക്കും.  പട്ടികജാതി വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന കുടുംബങ്ങള്‍, അവിവാഹിതരായ അമ്മമാര്‍, വിധവകളായ വനിതകള്‍ എന്നിവര്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന വിവിധ നൈപുണി വികസന പരിപാടികളില്‍ പങ്കെടുത്ത് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും.

ഇരുപത്തൊന്ന് വയസ് പൂര്‍ത്തിയായതും 55 കവിയാത്ത വനിതകള്‍ക്കായാണ് പദ്ധതി വിഭാവനം ചെയ്തത്. പദ്ധതി ആനുകൂല്യത്തിനായി സംരംഭത്തിന്റെ വിശദാംശങ്ങള്‍,  ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷത്തില്‍ അധികരിക്കരുത്. അപേക്ഷകര്‍ ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. സംഘത്തിന്റെ രജിസ്ട്രേഷന്‍, അംഗങ്ങളുടെ യോഗ്യത, മറ്റ് രേഖകളുടെ വിശദവിവരങ്ങള്‍ അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും.  സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ പരിശീലനം, സോഫ്റ്റ് സ്‌കില്‍, കമ്പ്യൂട്ടര്‍ പരിശീലനം, സാമ്പത്തിക സാക്ഷരത എന്നിവ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. പദ്ധതി ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ഉറപ്പാക്കുന്നതിന് ജില്ലാ തലത്തില്‍ നിര്‍വഹണ സമിതി രൂപീകരിച്ച് പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കും.

date