Skip to main content

എ ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ചവറയുടെ തൊഴില്‍ മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തും: മന്ത്രി ഷിബു ബേബി ജോണ്‍

എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചവറ മണ്ഡലത്തിന്റെ തൊഴില്‍ മേഖലയെ മെച്ചപ്പെടുത്തുമെന്ന് വനം, വന്യജീവി, നൈപുണ്യ വികസന മന്ത്രി ഷിബു ബേബി ജോണ്‍. ചവറ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പഞ്ചായത്തുതല പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഡ്‌സ് സ്‌കൂളുകള്‍ക്ക് പുറമേ ബഡ്‌സ് റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനായി പുതിയ പദ്ധതികള്‍  വരാനിരിക്കുന്ന ബജറ്റില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. മലയോര പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍, കാട്ടുപന്നി ശല്യം എന്നിവയ്ക്ക് പരിഹാരം കാണും. ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ആശ്വാസമായി ശീതീകരണ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അടുത്ത നാല് വര്‍ഷത്തെ വികസനം ലക്ഷ്യമിട്ട് പഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനം ജനപ്രതിനിധികള്‍ യോഗത്തില്‍ മന്ത്രിക്ക് കൈമാറി. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാദേവി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി ആര്‍  ജയപ്രകാശ് പഞ്ചായത്തിന്റെ പ്രധാന വികസന ആവശ്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ഹോമിയോ ആശുപത്രി, ബഡ്‌സ് സ്‌കൂള്‍, തെരുവ് നായ്ക്കള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോം, ചവറ ബസ് സ്റ്റാന്‍ഡ് നവീകരണം, ഹൈമാസ്റ്റ്/ലോ മാസ്റ്റ് ലൈറ്റുകള്‍, അഷ്ടമുടിക്കായലിന്റെ മനോഹരമായ കാഴ്ചകള്‍ പ്രയോജനപ്പെടുത്തി വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും ആകര്‍ഷിക്കുന്ന ചില്‍ഡ്രന്‍സ് പാര്‍ക്ക്, നൈപുണ്യ വികസന പദ്ധതികള്‍, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയ ആവശ്യങ്ങളാണ് പഞ്ചായത്ത് യോഗത്തില്‍ അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്തംഗം ഐ ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗം ശരത്ത് പട്ടത്താനം, ചവറ ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി രേഖ, കുടുംബശ്രീ അംഗങ്ങള്‍, വയോജനക്ലബ് അംഗങ്ങള്‍, ബഡ്‌സ് സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
  

date