വിജിലന്‍സ് വാരത്തിന് തുടക്കമായി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ രണ്ട് വരെ വിജിലന്‍സ് ബോധവത്ക്കരണവാരമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അഴിമതിക്കെതിരെ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. 'അഭിവൃദ്ധിക്ക് ധാര്‍മികത' എന്ന സന്ദേശവുമായാണ് ഈ വര്‍ഷം വിജിലന്‍സ് വാരം ആചരിക്കുന്നത്.
കൊല്ലം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി സബ് കളക്ടര്‍ ഡോ. എസ് മോഹനപ്രിയ ഉദ്ഘാടനം ചെയ്തു. ലഭിക്കുന്ന വരുമാനത്തില്‍ സംതൃപ്തി കണ്ടെത്താനും അത് കൃത്യമായ ആസൂത്രണത്തോടെ ചെലവഴിക്കാനും കഴിഞ്ഞാല്‍ അഴിമതി നടത്തേണ്ടിവരുകയോ പണം പലിശയ്ക്ക് എടുക്കേണ്ടി വരുകയോ ചെയ്യില്ലെന്ന് സബ് കലക്ടര്‍ പറഞ്ഞു. ലോകത്തുള്ള എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ടെന്നും ഒരാളുടെയും ആര്‍ത്തിയെ തൃപ്തിപ്പെടുത്താനുള്ളത് ഇല്ലെന്നുമുള്ള വസ്തുത എല്ലാ ജീവനക്കാരും മനസ്സില്‍ വെക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പരിപാടിയില്‍ വിജിലന്‍സ് യൂണിറ്റ് ഡി വൈ എസ് പി എസ് എസ് ബൈജു അധ്യക്ഷനായി. അഴിമതി കുറ്റകൃത്യമാണ്, അതൊരു സംസ്‌കാരമല്ല എന്ന വിഷയത്തില്‍ റിട്ട. പൊലീസ് സൂപ്രണ്ട് റെക്‌സ് ബോബി അര്‍വിന്‍ ക്ലാസ് നയിച്ചു. കൊല്ലം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാരായ ജസ്റ്റിന്‍ ജോണ്‍, ജയകുമാര്‍, ജി അനൂപ്, ജോഷി, ഇഗ്‌നേഷ്യസ്, മറ്റ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
രാവിലെ 8.30ന് കൊല്ലം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരെയും മോഡല്‍ ബോയ്‌സ്, സെന്റ് അലോഷ്യസ് സ്‌കൂളുകളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളെ പങ്കെടുപ്പിച്ച് ബോധവത്ക്കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ക്രൈംബ്രാഞ്ച് സൂപ്രണ്ട് ആര്‍. ശ്രീകുമാര്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.
വിജിലന്‍സ് വാരാചരണത്തിന്റെ ഭാഗമായി 29 ന് രാവിലെ 10ന് കൊല്ലം പൊലീസ് ക്ലബ്ബില്‍ വിവിധ വകുപ്പുകളിലെ ഇന്റേണല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കും നവംബര്‍ രണ്ടിന് ജില്ലയിലെ വകുപ്പ് മേധാവികള്‍ക്കും ക്ലാസുകള്‍ സംഘടിപ്പിക്കും.
- Log in to post comments