സംസ്ഥാന സ്കൂൾ കായികമേളയുടെ ചീഫ് മിനിസ്റ്റേഴ്സ് സ്വർണക്കപ്പിന് തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ ആവേശോജ്വലമായ സ്വീകരണം നൽകി
ഒക്ടോബർ 25 മുതൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന 68-മത് സംസ്ഥാന സ്കൂൾ കായികമേളയുടെ 117.5 പവൻ തൂക്കം വരുന്ന ചീഫ് മിനിസ്റ്റേഴ്സ് സ്വർണക്കപ്പിന് തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും അധ്യാപക സംഘടന ഭാരവാഹികളും ചേർന്ന് ആവേശോജ്വലമായ സ്വീകരണം നൽകി.
തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ എം.എൽ.എമാരായ കെ. രാജൻ, രാജൻ. ജെ. പല്ലൻ, തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തൃശ്ശൂർ കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വില്ലി ജിജോ, തൃശ്ശൂർ ജില്ലയുടെ വിദ്യാഭ്യാസ ഉപഡയറക്ടർ ടി. ഷൈല, തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അജിത്ത് ജോൺ, തൃശ്ശൂർ ജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ജോഫി സി. മഞ്ഞളി, തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപിക ഡോ. കെ.പി. ബിന്ദു എന്നിവർ ചേർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയെത്തിയ ചീഫ് മിനിസ്റ്റേഴ്സ് സ്വർണക്കപ്പ് പ്രവേശന കവാടത്തിൽ ഏറ്റുവാങ്ങി. തൃശ്ശൂരിൽ വരവേൽപ്പ് നൽകിയ ഈ സ്വർണക്കപ്പ് കായിക വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തിലൂടെ തൃശ്ശൂരിലേക്ക് തന്നെ തിരിച്ചെത്തട്ടെ എന്ന് ജനപ്രതിനിധികൾ ആശംസിച്ചു.
തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ നിന്ന് ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്സ് സ്വർണക്കപ്പ് സ്വീകരണഘോഷ യാത്രയിൽ വിദ്യാർത്ഥികളോടൊപ്പം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ സംഘടന ഭാരവാഹികളും പങ്കുചേർന്നു. ഹോളി ഫാമിലി സ്കൂളിന്റെ വിദ്യാർത്ഥികളുടെ ബാൻഡ് മേളം, സേക്രട്ട് ഹാർട്ട് കോൺവെന്റ് ഗേൾസ് സ്കൂളിലെ എസ്.പി. സി, സെന്റ് ക്ലയേഴ്സ് കോൺവെന്റ് ഗേൾസ് സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്, ഇൻഫന്റ് ജീസസ് സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്, സെന്റ് തോമസ് കോളേജ് ഹയർ സെക്കൻഡറി സ്കൂളിന്റെ എൻ.സി.സി, തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിന്റെ എൻ.എസ്.എസ്, തൃശൂർ ഗവ. മോഡൽ ബോയ്സ് സ്കൂളിന്റെ എസ്.എസ്.എസ് തുടങ്ങി മുന്നൂറോളം വിദ്യാർത്ഥികൾ ഘോഷയാത്രയിൽ പങ്കെടുത്തു.
- Log in to post comments