സമ്പൂർണ്ണ ജലസാക്ഷരതയിലേക്ക് മതിലകം: ഗ്രാമപഞ്ചായത്തിന്റെ നീന്തൽ പരിശീലന ക്യാമ്പ് സമാപിച്ചു*
*
സമ്പൂർണ്ണ ജലസാക്ഷരത എന്ന ലക്ഷ്യവുമായി മതിലകം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച നീന്തൽ പരിശീലന ക്യാമ്പ് സമാപിച്ചു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തുടർച്ചയായി 11-ാം വർഷമാണ് ഗ്രാമപഞ്ചായത്ത് മാതൃകാപരമായ ഈ പദ്ധതി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് 1500-ഓളം പേരാണ് പദ്ധതിയിലൂടെ നീന്തൽ പരിശീലനം നേടിയത്.
നീന്തൽ പരിശീലകൻ ഹരിലാൽ മൂത്തേടത്തിന്റെ നേതൃത്വത്തിൽ 10 ദിവസങ്ങളിലായി നടന്ന തീവ്ര പരിശീലനത്തിൽ ഇത്തവണ നൂറിലധികം വിദ്യാർത്ഥികളാണ് നീന്തൽ പഠിച്ചെടുത്തത്. അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്കും പഞ്ചായത്ത് നിവാസികളായ പത്ത് വയസ്സിന് മുകളിലുള്ളവർക്കുമാണ് പരിശീലനം നൽകിയത്. രാവിലെ 6.30 മുതൽ 7.30 വരെയായിരുന്നു പരിശീലനം.
വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കെ.കെ. വത്സരാജ് എം.എൽ.എ. നിർവഹിച്ചു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ അധ്യക്ഷത വഹിച്ചു. ദേശീയ പാരാ സ്വിമ്മിങ് താരം മിൻഹാജ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ആൽഫ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.എ. ബിനേഷ്, പി.പി. പ്രസീത, ഹസീന റഷീദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ്. രാമദാസ്, നിർവഹണ ഉദ്യോഗസ്ഥ ഷാജിത ടീച്ചർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.എസ്. സജീവൻ മാസ്റ്റർ, പാപ്പിനിവട്ടം ഗവ. എൽ.പി. സ്കൂൾ പ്രധാനാധ്യാപിക ഇ.യു. സാജിദ, പരിശീലകൻ ഹരിലാൽ മൂത്തേടത്ത് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു
- Log in to post comments