Skip to main content

ചിത്രാഞ്ജലിയെ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കും:  മന്ത്രി പി സി വിഷ്ണുനാഥ്

മലയാള സിനിമയുടെ അഭിമാന സ്ഥാപനമായ ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോയെ പുതിയ കാലഘട്ടത്തിന് അനുയോജ്യമായ സാങ്കേതികത്തികവോടെ സമഗ്രമായി നവീകരിക്കുമെന്നും സ്ഥാപനത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുമെന്നും ടൂറിസം, സാംസ്‌കാരികം, സിനിമ വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. ചിത്രാഞ്ജലി സന്ദർശിച്ച് ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ചിത്രാഞ്ജലിയെ അത്യാധുനിക ഡിജിറ്റൽ പരിഷ്‌കാരങ്ങൾക്കും സാങ്കേതികവിദ്യകൾക്കും അനുസൃതമായി സജ്ജമാക്കും. ചിത്രാഞ്ജലിയിലുള്ള വിശാലമായ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി നിർമാണം വേഗത്തിൽ പൂർത്തിയാക്കി സ്ഥാപനത്തെ പൂർണതോതിൽ പ്രവർത്തനസജ്ജമാക്കും. കൂടാതെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമാണത്തിലുള്ള തിയേറ്ററുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് വേഗത്തിൽ പരിഹാരം കണ്ടെത്തും.

നിലവിലുള്ള തിയേറ്റർ വരുമാനത്തിന് പുറമെ, സ്ഥാപനത്തെ സ്വയംപര്യാപ്തമാക്കാൻ ഉതകുന്ന പുതിയ വരുമാന മാർഗങ്ങൾ  കണ്ടെത്തും. മലയാള സിനിമയിലെ പ്രമുഖർക്കെല്ലാം ചിത്രാഞ്ജലിയുമായി വലിയ വൈകാരിക ബന്ധമാണുള്ളത്. ഈ ബന്ധവും പൊതുജനങ്ങളുടെ പിന്തുണയും ഉപയോഗപ്പെടുത്തി ചലച്ചിത്ര പ്രവർത്തകരെയും പൊതുജനങ്ങളെയും ഒരുപോലെ ആകർഷിക്കുന്ന പ്രമുഖ കേന്ദ്രമാക്കി ചിത്രാഞ്ജലിയെ മാറ്റിയെടുക്കും. ചിത്രാഞ്ജലിയുടെ സമഗ്ര പുരോഗതിക്കായി സർക്കാരിന്റെയും വകുപ്പിന്റെയും പൂർണ ശ്രദ്ധയും സഹായവും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ പ്രേം കുമാർ,  വൈസ് ചെയർമാൻ ആലപ്പി അഷ്‌റഫ്,  മാനേജിംഗ് ഡയറക്ടർ സബിത ബായ് എ എസ്, ജീവനക്കാർ തുടങ്ങിയവർ  സംബന്ധിച്ചു.

പി.എൻ.എക്‌സ്. 4508/2026

date