ദേശീയ പാത കാന നിർമ്മാണം: സ്ഥല പരിശോധന നടത്തും
ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായുള്ള കാന നിർമ്മാണവുമായി ബന്ധപ്പെട്ട് ആവശ്യമുള്ളയിടങ്ങളിൽ സംയുക്ത സ്ഥല പരിശോധന നടത്താൻ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗം തീരുമാനിച്ചു. ജില്ലാകലക്ടർ പി വിഷ്ണു രാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. കാന നിർമ്മാണം സംബന്ധിച്ച് സംസ്ഥാന തലത്തിൽ ചേർന്ന പ്രത്യേക യോഗത്തിൻ്റെ തുടർച്ചയായാണ് ജില്ലാതല യോഗം ചേർന്നത്.
എൻ എച്ച് എ ഐ , പൊതുമരാമത്ത് വകുപ്പ്, ദുരന്ത നിവാരണ വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യു വകുപ്പ് എന്നിവയുടെ പ്രതിനിധികൾ സംയുക്തമായാണ് സ്ഥലപരിശോധന നടത്തുക. കരിവള്ളൂർ കുഞ്ഞിമംഗലം, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലാണ് പരിശോധന. കാന നിർമ്മിക്കുന്നതിനായി കോർപ്പറേഷൻ, മൂന്ന് മുൻസിപ്പാലിറ്റികൾ, ഏഴ് ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നായി 21 പ്രവൃത്തികൾക്കുള്ള പ്രൊപ്പോസലാണ് ലഭിച്ചത്. ഇവ എൻ എച്ച് എ ഐ അംഗീകരിച്ചു. മാഹി ബൈപ്പാസുമായി ബന്ധപ്പെട്ട കാന നിർമ്മാണ കാര്യങ്ങൾ എൻ എച്ച് എ ഐ കോഴിക്കോട് പ്രൊജക്ട് ഡയരക്ടറുമായി ബന്ധപ്പെടാനും യോഗത്തിൽ ധാരണയായി. ജില്ലാ കലക്ടർക്ക് പുറമെ അസി കലക്ടർ എസ് സ്വാതി, സബ് കലക്ടർ രവികുമാർ മീണ, തളിപറമ്പ് ആർ ഡി ഒ എൻ മോഹനൻ, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടർ പ്രാൺ സിംഗ്, എൽ എസ് ജി ഡി ജോയിൻ്റ് ഡയരക്ടർ പി എം ധനീഷ്, എൻ എച്ച് എ ഐ ടീം ലീഡർജഗദീഷ് സൊണ്ടൂർ, ഡെപ്യൂട്ടി മാനേജർ യശാർത്ത്, വിശ്വസമുദ്ര പ്രതിനിധി ശ്യാംലാൽ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments