കുറ്റവാളികളില്ലാത്ത സമൂഹം; വരുന്നു ജനപങ്കാളിത്ത പോലീസ്
സാമൂഹിക വിപത്തുകള്‍ക്കെതിരെ പോരാടാനും കുറ്റവാളികളില്ലാത്ത സമൂഹത്തെ സൃഷ്ടിച്ചെടുക്കാനും ജനപങ്കാളിത്തം അനിവാര്യമാണെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ബി.വി. വിജയ ഭരത് റെഡ്ഢി പറഞ്ഞു. കണ്ണൂര്‍ സിറ്റി പോലീസ് ഡിവിഷന് സോഷ്യല്‍ പോലീസിങ്ങ് ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന് തൂഫാന് പദ്ധതി വന്നതോടെ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങിയതായി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ഇതോടെ ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വന്‍ കുറവുകള്‍ വന്നിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും വലിയ തോതില്‍ നിയന്ത്രിക്കാന്‍ ഇതുവഴി കഴിഞ്ഞതായും കമ്മീഷണര്‍ പറഞ്ഞു.
വിവിധ സംഘടനകള്‍, കൂട്ടായ്മകള്‍, വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സോഷ്യല്‍ പോലീസിംഗ് നടപ്പിലാക്കുക. ജനകീയ പങ്കാളിത്തത്തോടെ സമൂഹത്തില്‍ നീതിയും സമാധാന പൂര്‍ണ്ണമായ ജീവിതവും ഉറപ്പുവരുത്തുകയാണ് ഇതിലൂടെ പോലീസ് ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ കോണുകളിലുള്ളവരെയെല്ലാം സോഷ്യല്‍ പോലീസിങ്ങിന്റെ ഭാഗമാക്കും.
കുട്ടികളിലെ ഡിജിറ്റല്‍ അഡിക്ഷന് നിയന്ത്രിക്കണം
കുട്ടികളിലെ ഡിജിറ്റല്‍ അഡിക്ഷന് പല കുറ്റകൃത്യങ്ങളിലേക്കും വഴി തെളിക്കുന്നുണ്ടെന്നും ഇത്തരം കേസുകള്‍ നാട്ടില്‍ കൂടി വരുന്നുവെന്നത് ഖേദകരമായ സത്യമാണെന്നും കമ്മീഷണര്‍ പറഞ്ഞു. കുട്ടികളുടെ ഡിജിറ്റല്‍ അഡിക്ഷന് മാറ്റിയെടുക്കാന്‍ പോംവഴികളുമുണ്ട്. ജില്ലാ പോലീസ് ആസ്ഥാനത്ത് ഇതിനുള്ള കൗണ്‍സിലിങ്ങ് ലഭ്യമാണ്. ഇതിനകം ആയിരത്തിലധികം കുട്ടികള്‍ക്ക് പ്രയോജനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കുട്ടികളിലുണ്ടാവുന്ന മാറ്റങ്ങള്‍ തുടക്കത്തിലേ നിരീക്ഷിക്കുകയും പരിഹാരം കണ്ടെത്തുകയും വേണം. മോശം കൂട്ടുകെട്ടുകള്‍, ഗെയിമുകളോടുള്ള ആസക്തിയും കുറ്റകൃത്യങ്ങളിലേക്കുള്ള തുടക്കമാണ്. ഇവ മുളയിലെ നുള്ളാന്‍ സാധിക്കണം. കൗണ്‍സിലിങ്ങ് സെന്ററുകളിലെത്തുന്ന കുട്ടികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
- Log in to post comments