തൂഫാൻ 2.0 തദേശം; ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ജനകീയ യാത്രയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യും
സംസ്ഥാന ആഭ്യന്തര-തദ്ദേശസ്വയംഭരണ വകുപ്പുകളും ഹരിപ്പാട് നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന 'തൂഫാൻ 2.0 തദേശം' പരിപാടി ഇന്ന് (ഒക്ടോബർ 30) ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. രാവിലെ 8.30ന് ഹരിപ്പാട് ഗാന്ധിസ്ക്വയറിൽ നിന്ന് ആരംഭിക്കുന്ന ജനകീയ യാത്ര ഹരിപ്പാട് ക്ഷേത്ര ഓഡിറ്റോറിയത്തിൽ സമാപിക്കും. ഹരിപ്പാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബി വിനോദ് കുമാർ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും തുടർന്ന് ഹരിപ്പാട് ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്യും. ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ വൃന്ദ എസ് കുമാർ അധ്യക്ഷയാകും. വൈസ് ചെയർപേഴ്സൺ എം ബി അനിൽമിത്ര സ്വാഗതം ആശംസിക്കും. ജില്ലാ കളക്ടർ ഷാജി വി നായർ മുഖ്യാതിഥിയാകും. ജില്ലാ പോലീസ് സൂപ്രണ്ട് ജെ കെ വിഷ്ണു പ്രദീപ് തൂഫാൻ സന്ദേശം വായിക്കും. തൂഫാൻ ബാഡ്ജ് വിതരണം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ ആർ അജയ് നിർവഹിക്കും. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ മിനി സാറാമ്മ, ഷിബു പഞ്ചവടി, വിജയമ്മ പുന്നൂർമഠം, സജീഷ് പാലത്തുംപാടൻ, സി രാജലക്ഷ്മി, നഗരസഭാംഗങ്ങൾ, നഗരസഭാ പ്ലാനിംഗ് ബോർഡ് ചെയർപേഴ്സൺ ശ്രീകാന്ത് പി കൃഷ്ണൻ, ടി ഡി ബി ഡെപ്യൂട്ടി കമ്മീഷണർ ജയറാം പരമേശ്വരൻ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ സിന്ധു ആർ നായർ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments