Skip to main content

  വനിതകള്‍ക്ക് 'യോഗാമൃതം' പദ്ധതിയുമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്

വനിതകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 'യോഗാമൃതം' സൗജന്യ യോഗ പരിശീലന പരിപാടിയുമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്. 18 വയസ്സിനു മുകളിലുള്ള വനിതകള്‍ക്കാണ് യോഗ പരിശീലനം നല്‍കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 14 ഡിവിഷനുകളിലും ഓരോ കേന്ദ്രങ്ങള്‍ വീതം സജ്ജീകരിച്ച് ബ്ലോക്ക് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഓരോ ഡിവിഷനിലെയും വനിതകള്‍ക്ക് 25 ദിവസം വീതം പരിശീലനം നല്‍കും. രണ്ട് യോഗ പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലനം. ദിവസവും വൈകിട്ട് ഒരു മണിക്കൂര്‍ വീതമാണ് പരിശീലനം.  ഇഞ്ചവിള സര്‍ക്കാര്‍ സ്‌നേഹാലയത്തിലെ അന്തേവാസികളായ വനിതകള്‍ക്കും യോഗ പരിശീലനം നല്‍കുന്നുണ്ട്.

2026-27 സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ടില്‍ നിന്നും 1, 40000 രൂപ വിനിയോഗിച്ചാണ്  പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ വനിതകളിലേക്ക് ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം എത്തിക്കുകയാണ്  'യോഗാമൃതം' സൗജന്യ പരിശീലന പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും പദ്ധതിയുടെ പ്രയോജനം കൂടുതല്‍ പേരിലേക്ക് എത്തിക്കാനാണ് ശ്രമമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ബൈജു പറഞ്ഞു.   
         

   

date