വീട്ടമ്മമാര്‍ക്ക് കൈത്താങ്ങായി 'ഗൃഹശ്രീ' പദ്ധതി
വനിതകളെ സ്വയംപര്യാപ്തരാക്കുന്നതിനും കുടുംബങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി 'ഗൃഹശ്രീ വീട്ടമ്മയ്ക്കൊരു കൈത്താങ്ങ്' പദ്ധതിയുമായി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് കന്നുകുട്ടി, പെണ്ണാട്, 25 കോഴിക്കുഞ്ഞുങ്ങള്‍ എന്നിവ ലഭ്യമാക്കും. കൂടാതെ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് ആട്ടിന്‍കൂട്, കാലിത്തൊഴുത്ത്, കോഴിക്കൂട് എന്നിവ നിര്‍മിച്ച് നല്‍കും. പൊതുവിഭാഗത്തില്‍പ്പെടുന്ന ഗുണഭോക്താവിന് 15,000 രൂപ വിലയുള്ള കന്നുകുട്ടിക്ക് 50 ശതമാനം സബ്സിഡിയായി 7,500 രൂപയും 8,000 രൂപ വിലയുള്ള പെണ്ണാടിന് 50 ശതമാനം സബ്സിഡിയായി 4,000 രൂപയും ലഭ്യമാക്കും. 3,000 രൂപ വിലവരുന്ന 25 കോഴിക്കുഞ്ഞുങ്ങള്‍, 500 രൂപയുടെ പച്ചക്കറിത്തൈകള്‍, 1,000 രൂപയുടെ ഇടവിളക്കൃഷി കിറ്റ് എന്നിവയും 100 ശതമാനം സബ്സിഡിയില്‍ ലഭ്യമാക്കും. പദ്ധതിയിലൂടെ ഒരു ഗുണഭോക്താവിന് ആകെ 16,000 രൂപയുടെ ധനസഹായമാണ് ലഭിക്കുക.
പട്ടികജാതി വിഭാഗത്തില്‍ പെടുന്ന ഗുണഭോക്താക്കള്‍ക്ക് കന്നുകുട്ടിക്കും പെണ്ണാടിനും 75 ശതമാനം സബ്സിഡി ലഭിക്കും. 3,000 രൂപ വിലവരുന്ന 25 കോഴിക്കുഞ്ഞുങ്ങള്‍, 500 രൂപയുടെ പച്ചക്കറിത്തൈകള്‍, 1,250 രൂപയുടെ ഇടവിളക്കൃഷി കിറ്റ് എന്നിവയും 100 ശതമാനം സബ്സിഡിയില്‍ നല്‍കും. ഇതുവഴി പട്ടികജാതി വിഭാഗത്തില്‍ പെടുന്ന ഒരു ഗുണഭോക്താവിന് ആകെ 22,000 രൂപയുടെ ധനസഹായം ലഭിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം പ്ലാന്‍ ഫണ്ടില്‍ നിന്നും 28 ലക്ഷം രൂപയാണ് ഗൃഹശ്രീ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. കുടുംബങ്ങള്‍ക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനൊപ്പം വീട്ടുവളപ്പിലെ കൃഷിയും മൃഗപരിപാലനവും പ്രോത്സാഹിപ്പിച്ച് വനിതകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ലക്ഷ്മി പറഞ്ഞു.
- Log in to post comments