കേരളോത്സവം വിപുലമായി സംഘടിപ്പിക്കാനൊരുങ്ങി പിറവം നഗരസഭ
യുവജനങ്ങളുടെ കലാ-കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പ്രതിഭ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'കേരളോത്സവം 2026' പിറവം നഗരസഭയിൽ വിപുലമായി നടത്താൻ തീരുമാനിച്ചു. ഇതിനായി നഗരസഭാ ചെയർപേഴ്സൺ കെ.ആർ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ സംഘാടകസമിതി യോഗം ചേർന്നു.
നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന കേരളോത്സവത്തിൽ ഇത്തവണ കൂടുതൽ യുവജന പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ട മത്സരങ്ങൾ ഗ്രാമപഞ്ചായത്ത്, നഗരസഭാ തലങ്ങളിലാണ് നടക്കുക. തുടർന്ന് ബ്ലോക്ക്, ജില്ലാതല മത്സരങ്ങളും ഡിസംബർ അവസാനത്തോടെ സംസ്ഥാനതല മത്സരങ്ങളും സംഘടിപ്പിക്കും.
ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, ബാസ്കറ്റ്ബോൾ, ടേബിൾ ടെന്നീസ്, ചെസ്സ്, കാരംസ്, അത്ലറ്റിക്സ്, നീന്തൽ തുടങ്ങിയ ഇനങ്ങളാണ് കായികമത്സരങ്ങളിൽ ഉൾപ്പെടുത്തുന്നത്. കായികാധ്യാപകരുടെയും പ്രദേശത്തെ കായികതാരങ്ങളുടെയും സഹകരണത്തോടെയായിരിക്കും മത്സരങ്ങൾ ഏകോപിപ്പിക്കുക.
ഇത്തവണ കലാമത്സരങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഭരതനാട്യം ഉൾപ്പെടെയുള്ള വിവിധ ഇനങ്ങൾ സംഘടിപ്പിക്കുന്നതിനായി വിരമിച്ച അധ്യാപകരെയും നൃത്തവിദ്യാലയങ്ങളിലെ അധ്യാപകരെയും ഉൾപ്പെടുത്തി പ്രത്യേക സംഘാടക സംവിധാനം രൂപീകരിക്കും.
15–20, 20–40 എന്നിങ്ങനെ രണ്ട് പ്രായവിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്. അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കും. മത്സരങ്ങളുടെ വിശദമായ സമയക്രമവും മാർഗ്ഗനിർദ്ദേശങ്ങളും കായിക-കലാ രംഗത്തെ വിദഗ്ദ്ധരുടെ സഹകരണത്തോടെ തയ്യാറാക്കുമെന്നും യോഗത്തിൽ തീരുമാനമായി.
നഗരസഭാ വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ അരുൺ കല്ലറയ്ക്കൽ, അഡ്വ. ഷിബു തോമസ്, ജെയ്സൺ പുളിക്കൽ, വത്സല വർഗീസ്, ജിൻസി രാജു, മറ്റ് കൗൺസിലർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments