Skip to main content

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർപേഴ്‌സൺമാരുടെ അഖിലേന്ത്യാ കോൺഫറൻസ്: ലോക്‌സഭാ സ്പീക്കർ ഉദ്ഘാടനം ചെയ്തു

*കേരള നിയമസഭ മാതൃക: ലോക്സഭാ സ്പീക്കർ

*ഫയലുകൾ കെട്ടിക്കിടക്കുന്ന രീതി മാറണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

ജനങ്ങളുടെ പണം ദുർവ്യയം ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ഏറ്റവും ശക്തമായ, നിഷ്പ്പഷ സംവിധാനമായി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മാറിയെന്നത് അഭിമാനകരമാണെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള. പ്രതിപക്ഷാംഗം ചെയർമാനായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ സംവിധാനം ഇൻഡ്യയ്ക്ക് ആഗോള പ്രശംസ നേടിത്തന്നിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു. നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർപേഴ്‌സൺമാരുടെയും അംഗങ്ങളുടെയും  അഖിലേന്ത്യാ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ലോക്‌സഭാ സ്പീക്കർ.

മുഖ്യമന്ത്രി വി. ഡി. സതീശൻ, രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഹരിവംശ് നാരായൺ സിംഗ്, പാർലമെന്റിലെ പി.എ.സി. അധ്യക്ഷൻ കെ.സി. വേണുഗോപാൽ, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, സംസ്ഥാന പി.എ.സി. അധ്യക്ഷൻ കെ.എൻ. ബാലഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോൺഫറൻസിൽ പ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ 26 സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് ലോക്‌സഭാ സ്പീക്കർ നിർദേശിച്ചു. കമ്മിറ്റിയുടെ നടപടിക്രമങ്ങൾക്ക് ഏറെ കാലതാമസം എടുക്കുന്ന നിലവിലെ രീതിക്ക് മാറ്റം വരണം.  പാർലമെൻറിലെയും സംസ്ഥാന നിയമസഭകളിലെയും പി.എ.സി കൾ കാലോചിതമായി പരിഷ്‌കരിക്കപ്പെടണം. ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന കേരള നിയമസഭ നിയമനിർമാണത്തിൽ മാതൃകയാണ്. കേരളത്തിൽ നിലവിലുള്ള സംവാദത്തിന്റെ സംസ്‌കാരം നിലനിർത്തണമെന്നും ഓം ബിർള ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. 

        പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിൽ വലിയ തോതിൽ ഫയലുകൾ കെട്ടിക്കിടക്കുന്ന രീതിക്ക് മാറ്റം വരണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. ഒരു പ്രത്യേക ക്യാമ്പയിൻ നടത്തി ഫയലുകൾ തീർപ്പാക്കണമെന്ന നിർദേശം ലോക്‌സഭാ സ്പീക്കർക്ക് മുന്നിൽ മുഖ്യമന്ത്രി വച്ചു. കേരള നിയമസഭയിൽ പി.എ.സി ചെയർമാനായിരുന്ന കാലഘട്ടത്തിൽ ഇത്തരത്തിൽ ക്യാമ്പയിൻ നടത്തി ഫയലുകൾ തീർപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കേരള നിയമസഭയിൽ ഏറ്റവും അധികം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ള നിയമസഭാ കമ്മിറ്റി പി.എ.സി ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എ.സിയുടെ പ്രാധാന്യം നിലനിർത്തി കൊണ്ടുപോകാനുളള ആത്മാർഥ ശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ കടമെടുപ്പ് സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് വിടേണ്ട എന്ന് തീരുമാനിച്ച കഴിഞ്ഞ സർക്കാരിന്റെ നടപടി പാർലമെൻററി ധനകാര്യ ഉത്തരവാദിതത്വത്തിന്റെ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർപേഴ്‌സൺമാരുടെയും അംഗങ്ങളുടെയും  അഖിലേന്ത്യാ കോൺഫറൻസ് പരസ്പരം അനുഭവങ്ങൾ പങ്ക് വയ്ക്കാനും അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകാനും ഉപകരിക്കുമെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഹരിവംശ് നാരായൺ സിംഗ് പറഞ്ഞു.

ധനകാര്യ ഉത്തരവാദിത്തത്വത്തിന്റെ കാവൽമാലാഖയാണ് പി.എ.സിയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. പ്രതിപക്ഷാംഗത്തെ കമ്മിറ്റി ചെയർമാനാക്കുകയെന്ന കീഴ്വഴക്കം തുടങ്ങി വച്ചത് കേരളമാണെന്നും സ്പീക്കർ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലും പാർലമെന്റിലുമുള്ള മികച്ച രീതികളും സംവിധാനങ്ങളും പരസ്പരം പങ്ക് വയ്ക്കാനുള്ള അവസരമായി കോൺഫറൻസ് മാറട്ടെയെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ച പാർലമെന്റിലെ പി.എ.സി. അധ്യക്ഷൻ കെ.സി. വേണുഗോപാൽ പറഞ്ഞു. പാർലമെന്ററി ധനകാര്യ നിയന്ത്രണത്തിനുള്ള ഏറ്റവും വലിയ ഉപാധിയായി പി.എ.സി പ്രവർത്തിക്കുന്നു. എല്ലാ പാർലമെൻറ് സമ്മേളനത്തിലും കുറഞ്ഞത് ഒരു പി.എ.സി റിപ്പോർട്ടെങ്കിലും പരിശോധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകണം. ഏറ്റുമുട്ടലിലല്ല, നിയമനിർമാണ സഭയുടെ പരിശോധനയിലാണ് കമ്മിറ്റിയുടെ കരുത്ത് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

പി.എ.സിയുടെ റിപ്പോർട്ടുകൾ പൂർത്തിയാക്കുന്നതിൽ വർഷങ്ങളുടെ കാലതാമസം ഉണ്ടാകുന്ന സ്ഥിതിക്ക് പരിഹാരം ഉണ്ടാകണമെന്ന് സംസ്ഥാന പി.എ.സി. അധ്യക്ഷൻ കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇതിനുള്ള ക്രിയാത്മക ചർച്ചകൾ കോൺഫറൻസിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി നിയമസഭയുടെ അസംബ്ലി ഹാളിൽ സംഘടിപ്പിക്കുന്ന പ്ലീനറി സെഷനിൽ 'ഓഡിറ്റ്, അക്കൗണ്ടബിലിറ്റി ആൻഡ് ഗുഡ് ഗവേണൻസ്-ഇവോൾവിങ് റോൾ ഓഫ് ദി പി.എ.സി' എന്ന വിഷയത്തിലാണ് ചർച്ച.

ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി ലോക്സഭാ സ്പീക്കർ ഓം ബിർളയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. തുടർന്ന് പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർപേഴ്‌സൻമാരും ലോക് സഭാ സ്പീക്കർ, കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുഖ്യമന്ത്രി വി ഡി സതീശൻ എന്നിവരും ചേർന്നുള്ള ഫോട്ടോ സെഷൻ നടത്തി. നിയമസഭാ മന്ദിരത്തിൽ ഒരുക്കിയ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചരിത്രം ഉൾകൊള്ളുന്ന പ്രദർശനം ലോക്സഭാ സ്പീക്കർ ഉദ്ഘാടനം ചെയ്തു. കോൺഫറൻസിന്റെ സൂവനീർ ലോക്‌സഭാ സ്പീക്കർ പ്രകാശനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നന്ദി രേഖപ്പെടുത്തി.

നവംബർ നാല് രാവിലെ 11.45 ന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തോടെ കോൺഫറൻസ് അവസാനിക്കും. സമാപന സമ്മേളനത്തിൽ ലോക്‌സഭാ സ്പീക്കർ, പാർലമെന്റിലെ പി.എ.സി. ചെയർപേഴ്‌സൺ, നിയമസഭ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, നിയമസഭ പി.എ.സി. ചെയർപേഴ്‌സൺ എന്നിവർ  പങ്കെടുക്കും.

പി.എൻ.എക്‌സ്. 4627/2026

date