പതിനാറാം ധനകാര്യ കമ്മീഷൻ ഗ്രാന്റ്: കുന്നംകുളം നഗരസഭയ്ക്ക് 15.01 കോടി രൂപ കുടിവെള്ളത്തിനും മാലിന്യസംസ്കരണത്തിനും മുൻഗണന നൽകി സമഗ്ര വികസന പദ്ധതികൾക്ക് രൂപരേഖയായി
പതിനാറാം കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റായി കുന്നംകുളം നഗരസഭയ്ക്ക് ലഭിച്ച 15.01 കോടി രൂപയുടെ വികസന പദ്ധതികൾക്ക് നഗരസഭാ കൗൺസിൽ യോഗത്തിൽ രൂപരേഖയായതായി നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ അറിയിച്ചു. സർക്കാർ ഉത്തരവ് പ്രകാരമുള്ള മാർഗ്ഗനിർദേശങ്ങൾ മുൻനിർത്തി വിവിധ സ്റ്റാൻഡിങ് കമ്മിറ്റികൾ സമർപ്പിച്ച നിർദ്ദേശങ്ങൾ കൗൺസിൽ യോഗം വിശദമായി ചർച്ച ചെയ്ത് അംഗീകാരം നൽകി. അനുവദിച്ച തുകയിൽ 7.50 കോടി രൂപ ടൈഡ് ഫണ്ട് ഇനത്തിലും, തുല്യതുകയായ 7.50 കോടി രൂപ അൺടൈഡ് ഫണ്ട് ഇനത്തിലുമാണ് നഗരസഭയ്ക്ക് ലഭ്യമാകുന്നത്.
സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ടൈഡ് ഫണ്ട് തുക പൂർണ്ണമായും കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്കരണം എന്നീ രണ്ട് സുപ്രധാന മേഖലകൾക്കായി മാത്രമാണ് വിനിയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി നഗരത്തിലെ മാലിന്യനിർമാർജ്ജന പ്രവർത്തനങ്ങൾക്കായി അത്യാധുനിക യന്ത്രസാമഗ്രികൾ ലഭ്യമാക്കും. നഗരസഭാ പരിധിയിൽ വലിയ പാരിസ്ഥിതിക വെല്ലുവിളി ഉയർത്തുന്ന ഉപയോഗിച്ച ഡൈപ്പറുകൾ സുരക്ഷിതമായി നിർമാർജനം ചെയ്യുന്നതിനുള്ള പ്രത്യേക സംസ്കരണ പ്ലാന്റും, മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ച് പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി പേപ്പർ റീസൈക്ലിംഗ് യൂണിറ്റും സജ്ജമാക്കും. ഒപ്പംതന്നെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിന് എല്ലാ വാർഡുകളിലും പ്രത്യേക വാർഡുതല കുടിവെള്ള വിതരണ പദ്ധതികൾ നടപ്പിലാക്കും. ഭൂഗർഭ ജലനിരപ്പ് ഉയർത്തുന്നതിനായി കിണർ റീചാർജിങ് സംവിധാനവും നിലവിലുള്ള ജലസ്രോതസ്സുകളുടെ ശുചീകരണ പ്രവർത്തനങ്ങളും ഊർജിതമാക്കും. ഈ സംവിധാനങ്ങളുടെ തടസ്സമില്ലാത്ത പ്രവർത്തനത്തിനും വാർഷിക അറ്റകുറ്റപ്പണികൾക്കുമായി ഈ ഫണ്ടിൽ നിന്ന് തുക നീക്കിവെക്കും.
ഇന്ത്യൻ ഭരണഘടനയുടെ 12-ാം ഷെഡ്യൂളിൽ പരാമർശിച്ചിട്ടുള്ള 18 വിഷയങ്ങളെ ആസ്പദമാക്കി പ്രാദേശികമായ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കാണ് അൺടൈഡ് ഫണ്ട് തുക വിനിയോഗിക്കുന്നത്. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പ്രധാന വീഥികളിൽ ഏകീകൃത രീതിയിലുള്ള അത്യാധുനിക സ്ട്രീറ്റ് ലൈറ്റുകളും പ്രധാന ജംഗ്ഷനുകളിൽ മിനി മാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും. ഇതിനുപുറമെ നഗരസഭ ഓഫീസ് ആധുനികവൽക്കരിക്കുകയും കമ്പ്യൂട്ടർ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ഇ-ഗവേണൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും. നഗരത്തിന്റെ സാംസ്കാരിക കേന്ദ്രമായ ടൗൺഹാളിന്റെ സമഗ്ര നവീകരണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സർക്കാർ ചട്ടപ്രകാരം അൺടൈഡ് ഫണ്ടിന്റെ പരമാവധി 20 ശതമാനം തുക മാത്രമാണ് ബിറ്റുമിനസ്, കോൺക്രീറ്റ്, ഇന്റർലോക്ക് തുടങ്ങിയ രീതികളിലുള്ള റോഡുകളുടെയും ഓവുചാലുകളുടെയും നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി വിനിയോഗിക്കുക. അൺടൈഡ് ഫണ്ട് ജീവനക്കാരുടെ ശമ്പളത്തിനോ അനുബന്ധ ഭരണച്ചെലവുകൾക്കോ ഉപയോഗിക്കില്ലെന്നും, പദ്ധതികളുടെ സാമ്പത്തിക സുതാര്യതയും കൃത്യതയും ഉറപ്പുവരുത്താൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എംപാനൽ ചെയ്തിട്ടുള്ള പ്രൊഫഷണൽ ഏജൻസികളുടെ സേവനം ഉറപ്പാക്കുമെന്നും നഗരത്തെ സമ്പൂർണ്ണ ശുചിത്വ പദവിയിലേക്കും ഉയർന്ന ജീവിതനിലവാരമുള്ള ആധുനിക നഗര കേന്ദ്രത്തിലേക്കും ഉയർത്തുന്ന രീതിയിലാണ് പദ്ധതികൾ പൂർത്തിയാക്കുകയെന്നും നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.
- Log in to post comments