പാടശേഖരങ്ങള്‍ക്കുള്ള മോട്ടോര്‍ പമ്പ് സെറ്റുകളുടെ വിതരണോദ്ഘാടനം നടത്തി
ജില്ലാ പഞ്ചായത്തിന്റെ 2025-26 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പാടശേഖരങ്ങള്‍ക്കുള്ള മോട്ടോര്‍ പമ്പ് സെറ്റുകളുടെ വിതരണോദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ചടങ്ങിന്റെ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഐ. സജിത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി അസിസ്റ്റന്റ് എഞ്ചിനീയര്‍ ജയപ്രദീപ് പദ്ധതിയുടെ വിശദീകരണം നടത്തി.
എരുമപ്പെട്ടി ഡിവിഷനിലെ ചെറുകാട്, വരവട്ടൂര്‍ പുനര്‍ജനി, പല്ലൂര്‍ നോര്‍ത്ത് ഇറിഗേഷന്‍ എന്നീ മൂന്ന് പാടശേഖരങ്ങളിലാണ് ജില്ലാതല ഉദ്ഘാടനം നടന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 86 ലക്ഷം രൂപ ചെലവഴിച്ച് 12 സെന്‍ട്രിഫ്യൂഗള്‍ മോട്ടോറുകളും 2 സബ്‌മേഴ്സിബിള്‍ മോട്ടോറുകളും പാടശേഖരങ്ങള്‍ക്ക് വിതരണം ചെയ്തു. ജില്ലയിലെ നെല്‍കൃഷി വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട്, വരും സാമ്പത്തിക വര്‍ഷമായ 2026-27-ല്‍ കോള്‍, കോളിതര പാടശേഖരങ്ങളിലെ മോട്ടോര്‍ പമ്പ് സെറ്റുകളുടെ വിതരണത്തിനായി 3 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.
എരുമപ്പെട്ടി ഡിവിഷന്‍ മെമ്പറും ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ മീന സാജന്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.സി. സന്ധ്യ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. പ്രേമന്‍, ദേശമംഗലം പഞ്ചായത്ത് അംഗങ്ങളായ ശിഹാബ്, എം.ജി സരിത, പി.എന്‍ സുധ, എം.വി കൃഷ്ണകുമാര്‍, പി.ബി മനോജ്, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സാബിറ, ചെറുകാട് പാടശേഖര സമിതി സെക്രട്ടറി സുരേഷ്, ദേശമംഗലം പഞ്ചായത്ത് കൃഷി ഓഫീസര്‍ റംസീന എന്നിവര്‍ സംസാരിച്ചു.
- Log in to post comments