Skip to main content

സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി സന്ദർശിച്ച് മന്ത്രി എൻ ഷംസുദ്ദീൻ

ഇരുപത്തിയേഴാമത് സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദിയായ  തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് വി ആൻഡ് എച്ച് എസ് എസ് ഫോർ ഗേൾസിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ സന്ദർശിച്ചു.

നവംബർ അഞ്ചിന് ആരംഭിച്ച കലോത്സവത്തിലെ രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലുമായി ശ്രവണ-സംസാര പരിമിതിയുള്ള ആയിരത്തോളം കുട്ടികളുടെ മത്സരങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ആദ്യദിനത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന അഞ്ഞൂറോളം കുട്ടികളുടെ മത്സരങ്ങൾ അരങ്ങേറി. സ്വാഗതസംഘത്തിനു കീഴിൽ രൂപീകരിച്ച 15 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലോത്സവം മികച്ച രീതിയിൽ പുരോഗമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രധാന വേദിയിൽ നടന്ന ജൂനിയർ വിഭാഗത്തിന്റെ ഒപ്പനയും മറ്റുവേദികളിലെ മാപ്പിളപ്പാട്ടും കവിതാപാരായണവും ഉപകരണസംഗീതവും മന്ത്രി ആസ്വദിച്ചു. ഊട്ടുപുരയിലെ ഒരുക്കങ്ങളും വിലയിരുത്തിയ മന്ത്രി പാൽപ്പായസവും രുചിച്ചു. മത്സരാർഥികൾക്ക് ആശംസകൾ നേർന്നും സൊറപറഞ്ഞും അവർക്കും മാതാപിതാക്കൾക്കൊപ്പവും ചിത്രം എടുത്തും സ്നേഹവാത്സല്യം നൽകിയുമായിരുന്നു മന്ത്രിയുടെ മടക്കം. ഉന്നതോദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ത്രിദിന കലോത്സവം നവംബർ ഏഴിന് അവസാനിക്കും.

പി.എൻ.എക്‌സ്. 4682/2026

date