Skip to main content

തനത് ഭവന പദ്ധതി: അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ പട്ടികജാതി കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം ഉറപ്പാക്കുന്നതിനുള്ള തനത് ഭവന പദ്ധതി 2026-27 ലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട ഭവനരഹിതരായ/വാസയോഗ്യമല്ലാത്ത ഭവനങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്നതാണ് പദ്ധതി. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബമായിരിക്കണം. കുടുംബത്തിന്റെ പ്രതിവർഷ വരുമാന പരിധി മൂന്ന് ലക്ഷം രൂപ. സ്വന്തം പേരിലോ ഭാര്യ/ഭർത്താവിന്റെ പേരിലോ ഭവന നിർമ്മാണത്തിന് അനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം. ഗ്രാമപരിധിയിൽ കുറഞ്ഞത് രണ്ട് സെന്റ്, നഗരപരിധിയിൽ കുറഞ്ഞത് ഒന്നര സെന്റ് ഭൂമിയുള്ളവർക്ക് അപേക്ഷിക്കാം. സ്വന്തം പേരിലോ ഭാര്യ/ഭർത്താവിന്റെ പേരിലുള്ള വാസയോഗ്യമായ ഭവനം ഇല്ലാത്തവർക്കും അപേക്ഷിക്കാം. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ വകുപ്പ് മുഖേനയോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ ധനസഹായം ലഭിച്ചിട്ടില്ലാത്തവർക്കാണ് അവസരം. സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുള്ളവർ, സർവീസ് പെൻഷൻകാർ എന്നിവർ അർഹരല്ല. അപേക്ഷകർ 70 വയസ്സിന് താഴെ പ്രായമുള്ളവരും വിവാഹിതരുമായിരിക്കണം. 50 വയസ്സിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കും. താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും സർട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസിൽ നവംബർ 16 നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 04912505005

date