Skip to main content

മുഖ്യമന്ത്രി നാളെ കുസാറ്റിൽ; തീരദേശ വിഷയങ്ങളിൽ ദ്വിദിന സമ്മേളനത്തിന് ഇന്ന് തുടക്കം

തീരദേശ ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണവും കാലാവസ്ഥാ പ്രതിരോധശേഷിയും സംബന്ധിച്ച ദ്വിദിന സംസ്ഥാനതല സമ്മേളനത്തിന് ഇന്ന് (നവംബർ 6) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) തുടക്കമാകും. നാളെ (നവംബർ 7) നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. തീരദേശ ജനവിഭാഗങ്ങളുടെ അവകാശങ്ങളും കാലാവസ്ഥാ പ്രതിരോധശേഷിയും സംബന്ധിച്ച നിയമനിർമാണ, നയരൂപീകരണ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന രേഖ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, തീരഭൂസംരക്ഷണവേദി, വെസ്റ്റേൺ ഗാട്ട്സ് ഹോൺബിൽ ഫൗണ്ടേഷൻ, എം.ഇ.എസ്. അസ്മാബി കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 10-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എം.ഇ.എസ്. അസ്മാബി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ.എച്ച്. അമിത ബച്ചൻ സ്വാഗതം ആശംസിക്കും. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജി.ബി. റെഡ്ഡി സാങ്കേതിക സെഷനുകൾ ഉദ്ഘാടനം ചെയ്യും. കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ. ബിനുമോൾ കെ. അധ്യക്ഷത വഹിക്കും. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എ. ബിജു കുമാർ മുഖ്യപ്രഭാഷണം നടത്തും. കുസാറ്റ് സിൻഡിക്കേറ്റ് അംഗം പ്രൊഫ. (ഡോ.) അബ്ദുള്ള പി., കുസാറ്റ് രജിസ്ട്രാർ ഡോ. ഹരിഗോവിന്ദ് പി.സി., തീരഭൂസംരക്ഷണവേദി ചെയർപേഴ്സൺ മാഗ്ലിൻ പീറ്റർ, എന്നിവർ ആശംസകൾ നേരും.

തീരദേശ ജനവിഭാഗങ്ങളുടെ പരമ്പരാഗത അവകാശങ്ങൾ, തീരദേശ ഭരണനിർവഹണം, കാലാവസ്ഥാ വ്യതിയാനം, ഉപജീവനസുരക്ഷ, നീല സമ്പദ്വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ വിവിധ സെഷനുകളിലായി ചർച്ചകൾ നടക്കും. ടി.എൻ. പ്രതാപൻ, പി.കെ. നവാസ് എം.എൽ.എ., പി.പി. ചിത്തരഞ്ജൻ, പ്രൊഫ. എം.എച്ച്. ഇല്യാസ്, ശാസ്ത്രജ്ഞൻ ഡോ. കെ.വി. തോമസ്, കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. എസ്. അഭിലാഷ്, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ, നുവാൽസ് രജിസ്ട്രാർ ഡോ. ലീന അക്ക മാത്യു, ഡോ. കെ.എച്ച്. അമിത ബച്ചൻ, കുസാറ്റ് അധ്യാപകരായ ഡോ. അനീഷ് വി. പിള്ള, ഡോ. പി.എസ്. സീമ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ ചാൾസ് ജോർജ്, ജാക്സൺ പൊള്ളയിൽ, പീറ്റർ മത്തിയാസ് തുടങ്ങിയവർ വിവിധ ചർച്ചകളിൽ പങ്കെടുക്കും. ഗവേഷണ പ്രബന്ധാവതരണങ്ങൾ,തീരദേശ സംഘടനകളുമായുള്ള സംവാദം, ഡോക്യുമെന്ററി പ്രദർശനം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായിരിക്കും.
സമാപന ദിവസമായ നാളെ രാവിലെ ഒൻപതിന് തീരദേശ ജനവിഭാഗങ്ങളുടെ പ്രതിനിധികൾ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളോടെ പരിപാടികൾ ആരംഭിക്കും.

 തീരദേശ ഭരണനിർവഹണവും പരമ്പരാഗത അവകാശങ്ങളും, കാലാവസ്ഥാ വ്യതിയാനവും തീരദേശ പ്രതിരോധശേഷിയും, വികസനവും ഉപജീവനപ്രശ്നങ്ങളും എന്നീ വിഷയങ്ങളിലാണ് പ്രബന്ധാവതരണങ്ങൾ. രാവിലെ 11-ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഫിഷറീസ്, സാമൂഹികനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ മുഖ്യപ്രഭാഷണം നടത്തും. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി., കൊച്ചി എം.എൽ.എ. അഡ്വ. മുഹമ്മദ് ഷിയാസ്, കളമശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമാൽ മാങ്കടൻ, കുസാറ്റ് സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. (ഡോ.) അബ്ദുള്ള പി., ഡോ. പ്രവീൺ സി.എസ്. തുടങ്ങിയവർ ആശംസകൾ നേരും.
ഉച്ചയ്ക്ക് 12.30-ന് ഡോ. കെ.എച്ച്. അമിത ബച്ചൻ നിർദിഷ്ട തീരദേശ ജനവിഭാഗ അവകാശനിയമത്തിന്റെ കരട് അവതരിപ്പിക്കും. തീരദേശ ജനങ്ങളുടെ അവകാശസംരക്ഷണം, ഉപജീവനസുരക്ഷ, തീരദേശ ഭരണനിർവഹണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കൽ, കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ ജനപ്രതിനിധികളും നിയമവിദഗ്ധരും ഗവേഷകരും പരിസ്ഥിതി പ്രവർത്തകരും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും ചർച്ചകളിൽ പങ്കെടുക്കും. തീരദേശ ജനവിഭാഗങ്ങളുടെ അവകാശങ്ങളും പങ്കാളിത്തവും ഉറപ്പാക്കുന്ന ജനാധിപത്യപരമായ തീരദേശ ഭരണസംവിധാനത്തിനും കേരളത്തിന്റെ നീല സമ്പദ്വ്യവസ്ഥയുടെ വികസനത്തിനുമുള്ള നിർദേശങ്ങൾ രൂപപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

date