Skip to main content

കായംകുളം എൻ.ടി.പി.സി പ്ലാന്റ് കേരളത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ വികസിപ്പിക്കണം; ഒരു മാസത്തിനകം സമഗ്ര പദ്ധതി സമർപ്പിക്കാൻ നിർദേശം: കെ.സി. വേണുഗോപാൽ എംപി

 

 

ആലപ്പുഴ: കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയം കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വികസിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി ഒരു മാസത്തിനകം തയ്യാറാക്കി സമർപ്പിക്കാൻ കേന്ദ്ര-സംസ്ഥാന ഊർജ്ജ സെക്രട്ടറിമാർക്കും എൻ.ടി.പി.സി ചെയർമാനും നിർദേശം നൽകിയതായി കെ.സി. വേണുഗോപാൽ എംപി. കേരളത്തിന് ആവശ്യമായ വൈദ്യുതി താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കേണ്ടത്. ഒരു മാസത്തിനകം പദ്ധതി സമർപ്പിച്ചില്ലെങ്കിൽ എൻ.ടി.പി.സിക്ക് കൈമാറിയ ഭൂമി തിരിച്ചെടുത്ത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കണമെന്നാണ് പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) മുന്നോട്ടുവെച്ച നിർദേശമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പി.എ.സി ചെയർമാന്മാരുടെ ദേശീയ സമ്മേളനത്തിന്റെയും കേരളത്തിലെ പി.എ.സി പഠനപര്യടനത്തിന്റെയും ഭാഗമായി കുമരകത്ത് നടന്ന യോഗങ്ങൾക്കുശേഷം ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായംകുളം എൻ.ടി.പി.സി പ്ലാന്റിനായി കേരളം ഏകദേശം 1100 ഏക്കർ ഭൂമിയാണ് നൽകിയിട്ടുള്ളത്. എന്നാൽ നിലവിൽ ഇവിടെനിന്ന് കേരളത്തിന് പ്രയോജനകരമായ രീതിയിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നില്ല. പ്രതിവർഷം ഏകദേശം 100 കോടി രൂപ കേരളം എൻ.ടി.പി.സിക്ക് നൽകുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള വൈദ്യുതി ലഭിക്കുന്നില്ല. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ നിരക്കും കേരളത്തിന് താങ്ങാനാവുന്നതല്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഊർജ്ജ സെക്രട്ടറി, സംസ്ഥാന പവർ സെക്രട്ടറി, എൻ.ടി.പി.സി ചെയർമാൻ എന്നിവർ സംയുക്തമായി വികസനപദ്ധതി തയ്യാറാക്കാൻ പി.എ.സി നിർദേശിച്ചത്.

നിലവിലുള്ള സൗരോർജ്ജ ഉൽപാദന പദ്ധതികൾക്കൊപ്പം പകൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി രാത്രികാല ആവശ്യങ്ങൾക്കായി സംഭരിക്കുന്നതിനുള്ള ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് സംവിധാനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തണം. കേരളത്തിൽ പ്രധാനമായും വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് വൈദ്യുതി ആവശ്യകത ഉയരുന്നത്. അതിനാൽ പീക്ക് സമയത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കഴിയുന്ന ദീർഘകാല പദ്ധതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഊർജ്ജ മന്ത്രാലയം, പവർഗ്രിഡ് കോർപ്പറേഷൻ, എൻ.എച്ച്.പി.സി എന്നിവയുടെ പ്രതിനിധികളുമായും പി.എ.സി ചർച്ച നടത്തി. വൈദ്യുതി വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കുന്നതിനും ഹൈഡൽ പദ്ധതികൾ വ്യാപിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
 

date