ആലപ്പുഴയിലെ ടൂറിസം, സായി കേന്ദ്ര വികസനത്തിനും നിർദേശങ്ങൾ
ടൂറിസം വികസനവുമായി ബന്ധപ്പെട്ട ചർച്ചയിൽ വർക്കല ശിവഗിരി സ്വദേശ് ദർശൻ പദ്ധതിയുടെ പൂർത്തീകരണമാണ് പ്രധാനമായും ഉയർന്നുവന്നത്. 2019-ൽ കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ച പദ്ധതി ഏഴു വർഷമായിട്ടും പൂർത്തിയായിട്ടില്ല. തടസ്സങ്ങൾ പരിഹരിച്ച് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കാൻ തീരുമാനിച്ചതായി കമ്മിറ്റി മുമ്പാകെ അറിയിച്ചിട്ടുണ്ട്.
പരമ്പരാഗതമായി വിനോദസഞ്ചാരികൾ എത്തുന്ന വയനാട്, വർക്കല, കൊല്ലം, തേക്കടി തുടങ്ങിയ കേന്ദ്രങ്ങൾക്കൊപ്പം അധികം ശ്രദ്ധിക്കപ്പെടാത്തതും വലിയ ടൂറിസം സാധ്യതകൾ നിലനിൽക്കുന്നതുമായ പ്രദേശങ്ങൾക്കും വികസന പദ്ധതികളിൽ മുൻഗണന നൽകണം. പ്രകൃതിരമണീയമായ പാതിരാമണൽ ഇതിന് മികച്ച ഉദാഹരണമാണ്. ഇത്തരം പ്രദേശങ്ങളെ കണ്ടെത്തി ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ടൂറിസം ഭൂപടത്തിൽ ഇടംനൽകുകയും ചെയ്താൽ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ പുതിയ സാധ്യതകൾ തുറക്കാനാകും.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളും റിസോർട്ടുകളും ഈടാക്കുന്ന അമിത നിരക്കുകൾ നിയന്ത്രിക്കുന്നതിനും ഫലപ്രദമായ സംവിധാനം വേണം. വിനോദസഞ്ചാരികളുടെ വരവ് താരതമ്യേന കുറവുള്ള ഓഫ് സീസണിൽ പോലും ഉയർന്ന നിരക്ക് ഈടാക്കുന്ന പ്രവണതയുണ്ട്. താമസസൗകര്യങ്ങളുടെ നിരക്കുകളിൽ ന്യായമായ നിയന്ത്രണവും സുതാര്യതയും ഉറപ്പാക്കുന്നതിനുള്ള നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണം. വിനോദസഞ്ചാരികൾക്ക് ഗുണമേന്മയുള്ള താമസസൗകര്യങ്ങൾ ന്യായമായ നിരക്കിൽ ലഭ്യമാക്കേണ്ടത് ടൂറിസം വികസനത്തിന്റെ ഭാഗമായിത്തന്നെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതികളുടെ പ്രഖ്യാപനത്തിലും സാമ്പത്തിക വിനിയോഗത്തിലും മാത്രം ഒതുങ്ങാതെ കൃത്യമായ ആസൂത്രണം, സമയബന്ധിതമായ നിർവഹണം, ഫലപ്രദമായ നിരീക്ഷണം, വിനോദസഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്ന സമഗ്രമായ സമീപനമാണ് രാജ്യത്തെ ടൂറിസം മേഖലയുടെ വികസനത്തിന് ആവശ്യമെന്ന് പി.എ.സി യോഗത്തിൽ കെ.സി. വേണുഗോപാൽ എംപി വ്യക്തമാക്കി.
ആലപ്പുഴയിലെ കനാലുകളെയും കായലുകളെയും ബന്ധിപ്പിക്കുന്ന നൂറുകോടിയിലധികം രൂപയുടെ ടൂറിസം പദ്ധതിയിൽ എ.എസ് കനാലിനെ കൂടി ഉൾപ്പെടുത്തി സൗന്ദര്യവൽക്കരിക്കാനും പാതിരാമണലിന്റെ വികസനസാധ്യതകൾ പഠിച്ച് വിശദമായ പദ്ധതിരേഖ തയ്യാറാക്കാനും നിർദേശിച്ചിട്ടുണ്ട്. നെഹ്റു ട്രോഫി വള്ളംകളിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര പരിപാടിയാക്കി ഉയർത്തുന്നതിനായി ഗാലറികളും മത്സരക്രമീകരണങ്ങളും ഉൾപ്പെടുന്ന സമഗ്ര പദ്ധതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആലപ്പുഴ സായി കേന്ദ്രത്തിന്റെ വികസനത്തിനും പി.എ.സി ഇടപെട്ടു. പുന്നമടയിലെ സായി വാട്ടർ സെന്ററും പി എ സി സംഘം സന്ദർശിച്ചു.
കനോയിംഗ്, കയാക്കിംഗ്, റോയിംഗ് തുടങ്ങിയ ഇനങ്ങളിൽ ദേശീയ-അന്താരാഷ്ട്ര തലങ്ങളിൽ മെഡലുകൾ നേടുന്ന കേന്ദ്രമാണിത്. 1990-ൽ സെന്റർ ഓഫ് എക്സലൻസ് ആയി ഉയർത്തിയെങ്കിലും 35 വർഷമായി കാര്യമായ വികസനം ഉണ്ടായിട്ടില്ല. കേന്ദ്രത്തിന്റെ നവീകരണത്തിനായി ഒരു മാസത്തിനകം പദ്ധതി തയ്യാറാക്കണമെന്ന് സായിയുടെ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതുതായി നിർമ്മിക്കുന്ന ഹോസ്റ്റൽ സമുച്ചയത്തിന് സ്ഥലം കണ്ടെത്താൻ ജില്ലാ ഭരണ കേന്ദ്രവുമായി ചേർന്നു നടപടി സ്വീകരിക്കാൻ സായി വാട്ടർ സെന്ററിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സ്പോർട്സ് കേന്ദ്രത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കണം.
- Log in to post comments