നെന്മാറ ബ്ലോക്ക് പഞ്ചായത്തിൽ കേരളോത്സവം നവംബർ 22 മുതൽ സംഘാടക സമിതി രൂപീകരണയോഗം ചേർന്നു
നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരളോത്സവം 2026 നവംബർ 22 മുതൽ 30 വരെ നടക്കും. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗത്തിലാണ് തീരുമാനം. വിവിധ കായിക, കലാമത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. നവംബർ 22ന് പോത്തുണ്ടി ജി.എൽ.പി.എസിൽ കേരളോത്സവത്തിന്റെ ഉദ്ഘാടനവും തുടർന്നുള്ള ഫുട്ബോൾ മത്സരങ്ങളിലൂടെ കേരളോത്സവത്തിന് തുടക്കവും കുറിക്കും.
നവംബർ 23ന് ബാഡ്മിന്റൺ മത്സരം നെന്മാറ ഹെറിറ്റേജ് ഗ്രൗണ്ടിലും, നീന്തൽ മത്സരങ്ങൾ നരിക്കുളം, പല്ലശ്ശന എന്നിവിടങ്ങളിലും നടക്കും. തുടർന്ന് ചിറ്റിലഞ്ചേരി എം.എൻ.കെ.എം. എച്ച്.എസ്.എസിൽ നവംബർ 24ന് ക്രിക്കറ്റ് മത്സരം, എലവഞ്ചേരി ഡെൽറ്റ ജിംനേഷ്യത്തിൽ നവംബർ 25ന് ആം റെസ്ലിങ്, എലവഞ്ചേരിയിലെ ബേബീസ് കലാസമിതിയിൽ നവംബർ 26ന് ചെസ് മത്സരം, ചിറ്റിലഞ്ചേരി എം.എൻ.കെ.എം. എച്ച്.എസ്.എസിൽ നവംബർ 28ന് അത്ലറ്റിക് മത്സരങ്ങൾ, നവംബർ 29ന് അയിലൂർ ജി.യു.പി.എസ്. ഗ്രൗണ്ടിൽ വോളിബോൾ മത്സരം, എലവഞ്ചേരി തുഞ്ചത്ത് എഴുത്തച്ഛൻ കോളേജിൽ കബഡി, വടംവലി മത്സരങ്ങൾ എന്നിവയും നടക്കും. നവംബർ 30ന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കലാമത്സരങ്ങളോടുകൂടി കേരളോത്സവം സമാപിക്കും.
സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം കെ പ്രേമൻ എം. എൽ. എ നിർവഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ രവീന്ദ്രൻ അധ്യക്ഷയായ യോഗത്തിൽ വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ തോട്ടം നാരായണൻ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാര്, മെമ്പർമാർ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ജനപ്രതിനിധികൾ കൂടാതെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ ക്ലബ്ബുകളിലെ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments