ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം
ജില്ലയിൽ ഇടവിട്ടുള്ള മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്കു പിന്നാലെ വീടുകളിലും സ്ഥാപനങ്ങളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ ഈഡിസ് കൊതുകുകളുടെ പ്രജനനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതുണ്ട്.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ വീടുകളിലും പരിസരങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, ടിന്നുകൾ, ഉപയോഗശൂന്യമായ ടയറുകൾ, ചിരട്ടകൾ, പൂച്ചട്ടികൾ, വെള്ളം ശേഖരിക്കുന്ന മറ്റു പാത്രങ്ങൾ എന്നിവയിൽ കെട്ടിനിൽക്കുന്ന ശുദ്ധജലത്തിലാണ് മുട്ടയിട്ട് പെരുകുന്നത്. വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളും ആഴ്ചയിലൊരിക്കൽ പരിശോധിച്ച് കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ അടച്ചുസൂക്ഷിക്കുകയും ആഴ്ചയിലൊരിക്കൽ അവയിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് പാത്രങ്ങൾ ഉരച്ചുകഴുകുകയും വേണം.
ആഴ്ചയിലൊരിക്കലുള്ള ഡ്രൈ ഡേ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ചകളിൽ സർക്കാർ-സ്വകാര്യ ഓഫീസുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും പ്രത്യേക ശുചീകരണ-ഉറവിടനശീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം.
പനി, കടുത്ത ശരീരവേദന, തലവേദന, കണ്ണിനു പിന്നിലെ വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗസാധ്യത പരിഗണിക്കണം. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സ തേടുകയോ പനി കുറയാൻ കാത്തിരിക്കുകയോ ചെയ്യാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ എത്രയും വേഗം ചികിത്സ തേടണം.
പ്രതിരോധം ഓരോരുത്തരുടെയും ഉത്തരവാദിത്തം
കൊതുകുകടി ഏൽക്കാതിരിക്കാൻ പകൽസമയത്തും പ്രത്യേക ശ്രദ്ധ പുലർത്തണം. ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകുവലയും കൊതുകുനിവാരണ മാർഗങ്ങളും ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണം. കൊതുക് നിയന്ത്രണം ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ വ്യക്തിയും കുടുംബവും സ്ഥാപനവും സ്വന്തം പരിസരം കൊതുക് വിമുക്തമാക്കുന്നതിൽ പങ്കാളികളാകണമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
- Log in to post comments