കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം: തൃശൂർ ജില്ല ജേതാക്കൾ
തിരുവനന്തപുരം മണക്കാട് ജി.വി.എച്ച്.എസ്.എസിൽ നടന്ന 27-ാംമത് കേരള സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ 642 പോയിന്റുമായി തൃശൂർ ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 582 പോയിന്റോടെ മലപ്പുറം ജില്ലക്കാണ് രണ്ടാം സ്ഥാനം. കേൾവി പരിമിതിക്കാരുടെ വിഭാഗത്തിൽ 364 പോയിന്റോടെ തൃശൂർ ജില്ലയും 314 പോയിന്റുമായി മലപ്പുറം ജില്ലയും ഒന്ന്, രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കി. ഈ വിഭാഗത്തിൽ എറണാകുളം മാണിക്യമംഗലം സെന്റ് ക്ലെയർ ഓറൽ സ്കൂൾ ഫോർ ദ ഡെഫ്, വയനാട് സെന്റ് റോസല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിങ് ആദ്യ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. കാഴ്ച പരിമിതരുടെ വിഭാഗത്തിൽ 309 പോയിന്റോടെ തിരുവനന്തപുരം ജില്ല ജേതാക്കളായി. 236 പോയിന്റോടെ കോട്ടയം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. ഈ വിഭാഗത്തിൽ കോഴിക്കോട് കൊളത്തറ കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദ ഹാൻഡിക്കാപ്പിഡ് ഒന്നും കോട്ടയം ഒലസ്സ ഗവ. സ്കൂൾ ഫോർ ദി ബ്ലൈൻഡ് രണ്ടും സ്ഥാനം നേടി.
ശശിതരൂർ എം.പി. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് അഡി. ഡയറക്ടർ സി.എ. സന്തോഷ് അധ്യക്ഷനായി. സുധീർഷാ എം.എൽ.എ., ഭിന്നശേഷി കമ്മിഷണർ ഡോ. പി ടി ബാബുരാജ്, ജോയിന്റ് ഡയറക്ടർ അക്കാദമിക് എ.അബൂബക്കർ, അധ്യാപക സംഘടന പ്രതിനിധികൾ, സബ്കമ്മിറ്റി കൺവീനർമാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്. 4704/2026
- Log in to post comments