Skip to main content

*വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്* *വടക്കുംകര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു*

വെള്ളാങ്ങല്ലൂർ വടക്കുംകര വില്ലേജ് ഓഫീസിന്റെ പുതിയ സ്മാർട്ട് കെട്ടിടം യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന എല്ലാ വികസന പദ്ധതികളും ഫണ്ട് വകയിരുത്തിക്കഴിഞ്ഞാൽ യുദ്ധകാലാടിസ്ഥാനത്തിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനപ്രസംഗത്തിൽ വ്യക്തമാക്കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ഒന്നിച്ചുനിന്ന് പ്രവർത്തിക്കുന്ന കൂട്ടായ പ്രവർത്തന ശൈലിയാകും വരുംകാലങ്ങളിൽ മണ്ഡലത്തിൽ നടപ്പിലാക്കുക. മണ്ഡലത്തിലെ പ്രധാന വികസന പദ്ധതികളിലൊന്നായ പുല്ലൂറ്റ് പാലത്തിന് തുക അനുവദിക്കുകയും ഇതിന്റെ ടെണ്ടർ നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, കരുപ്പടന്ന പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് ആവശ്യമെങ്കിൽ പുതിയ പാലം നിർമ്മിക്കുന്നതിനുള്ള നടപടികളും പ്രദേശത്തെ കുടിവെള്ള ക്ഷാമമടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള വികസന പ്രവർത്തനങ്ങളും വേഗത്തിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട താലൂക്കുകൾക്ക് കീഴിലായി മണ്ഡലത്തിലുള്ള 17 വില്ലേജ് ഓഫീസുകളിൽ ഏഴെണ്ണം ഇതിനകം സ്മാർട്ടായിക്കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള വില്ലേജ് ഓഫീസുകളും ഘട്ടങ്ങളായി സ്മാർട്ട് സംവിധാനത്തിലേക്ക് മാറ്റുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഫീസ് കെട്ടിടത്തിന്റെ ഭൗതിക സാഹചര്യം പോലെ തന്നെ ജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സ്മാർട്ടായി മാറണമെന്ന് മന്ത്രി ഒ.ജെ. ജനീഷ് അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ 2021-22 പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവിലാണ് വില്ലേജ് ഓഫീസ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.

ബെന്നി ബെഹനാൻ എം.പി.  അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു മുഖ്യാതിഥിയായി.

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുള്ളക്കുട്ടി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തംഗം ജിസ്ന ഫ്രാൻസിസ്, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തംഗം മഞ്ജു അനിൽ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date