Skip to main content
അലനല്ലൂര്‍ സി.എച്ച്.സി നവീകരണം:

അലനല്ലൂര്‍ സി.എച്ച്.സി നവീകരണം: 28 ലക്ഷത്തിന്റെ വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്നു

അലനല്ലൂര്‍ സി.എച്ച്.സി നവീകരണം: 28 ലക്ഷത്തിന്റെ വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്നു

അലനല്ലൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ (സി.എച്ച്.സി) മുഖഛായ മാറ്റുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍  പുരോഗമിക്കുന്നു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലെ ഹെല്‍ത്ത് ഗ്രാന്‍ഡ് ഫണ്ടില്‍നിന്ന് 28,50,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

നിലവില്‍ പരിമിതമായ സൗകര്യങ്ങളിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. മൂന്ന് ഡോക്ടര്‍മാരുടെയും അഞ്ച് സ്റ്റാഫ് നഴ്‌സുമാരുടെയും സേവനം ഇവിടെ ലഭ്യമാണ്. സാധാരണ രോഗങ്ങള്‍ക്കുള്ള ചികിത്സ, മരുന്നുവിതരണം, പ്രതിരോധ കുത്തിവയ്പ്പുകള്‍, മാതൃ-ശിശു സംരക്ഷണം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള പരിചരണം എന്നിവയാണ് പ്രദേശവാസികള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് രോഗികളെ വലയ്ക്കുന്ന സാഹചര്യത്തിലാണ് നവീകരണം നടത്തുന്നത്.

പദ്ധതിയുടെ ഭാഗമായി ആധുനിക രീതിയിലുള്ള ശുചിമുറി നിര്‍മ്മാണം, നിലം ടൈല്‍ പാകല്‍, സീലിങ്, ഇലക്ട്രിക്കല്‍ ജോലികള്‍, പെയിന്റിങ് എന്നിവയാണ് പുരോഗമിക്കുന്നത്. പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ആശുപത്രിയുടെ അന്തരീക്ഷം മെച്ചപ്പെടുകയും രോഗികള്‍ക്ക് മികച്ച സേവനം ലഭിക്കുകയും ചെയ്യും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രിയില്‍ കിടത്തിച്ചികിത്സ തുടങ്ങുന്നതിനുള്ള അനുമതിക്കായി ശ്രമിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു എം. ശങ്കര്‍ പറഞ്ഞു.

date