Skip to main content

പാരന്റിംഗ് ക്ലാസുകള്‍ സ്‌കൂള്‍ മുഖാന്തിരം സംഘടിപ്പിക്കാന്‍ ബാലാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം

മികച്ച പാരന്റിംഗ് ക്ലാസുകള്‍ സ്‌കൂള്‍ മുഖാന്തിരം സംഘടിപ്പിക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ട പോലീസ് സഭാ ഹാളില്‍ നടന്ന ജില്ലാ കര്‍ത്തവ്യവാഹകരുടെ അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം.

കൗമാരപ്രായക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ യോഗം അവലോകനം ചെയ്തു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹമാണെന്നിരിക്കെ അത്തരത്തില്‍ വാഹനം ഓടിക്കുന്ന  കുട്ടികള്‍ക്കും വാഹനം നല്‍കുന്ന രക്ഷകര്‍ത്താക്കള്‍ക്കും പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കാന്‍ ജില്ലാ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ആധാര്‍ കാര്‍ഡും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും ഇല്ലാത്ത, ശ്രദ്ധയും സംരക്ഷണവും വേണ്ടുന്ന കുട്ടികള്‍ക്ക്, അവ ലഭ്യമാക്കാന്‍ ജില്ലാ ഭരണ സംവിധാനവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ അദാലത്ത് നടത്തണം.

ളാഹ, മഞ്ഞത്തോട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഗവി മേഖലയിലെ ഉന്നതികളിലെ കുട്ടികള്‍ക്ക് വകുപ്പിന്റെ വിവിധ പദ്ധതികള്‍ എത്തിക്കാനുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനിതാ ശിശു ജില്ലാ ഓഫീസറും ചേര്‍ന്ന് നടപ്പിലാക്കണം. ട്രൈബല്‍ മേഖലകളില്‍ നടത്തപ്പെടുന്ന ആചാരപ്രകാരമുള്ള വിവാഹങ്ങളിലും, സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിലും വിദ്യാഭ്യാസ വകുപ്പും ശിശു സംരക്ഷണ  ഓഫീസറും നടപടികള്‍ സ്വീകരിക്കണം.

യോഗത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ സിസിലി ജോസഫ്, അംഗം പി ഷാജേഷ് ഭാസ്‌കര്‍ എന്നിവര്‍ പങ്കെടുത്തു.
 

date