Skip to main content

കേരള കലാമണ്ഡലത്തിന്റെ 96-ാമത് വാർഷികാഘോഷം സമാപിച്ചു* *കലാമണ്ഡലത്തിന് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്*

കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ 96-ാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് ചെറുതുരുത്തി കൂത്തമ്പലത്തിൽ നടന്ന സമാപന സമ്മേളനം സാംസ്കാരിക - ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഗുരുകുല വിദ്യാഭ്യാസത്തിന്റെ മാതൃകയും ആധുനിക പാരമ്പര്യവും സമന്വയിപ്പിക്കുന്ന ഒരു കലാവിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിലാണ് മഹാകവി കലാമണ്ഡലം വിഭാവനം ചെയ്തതെന്ന് മന്ത്രി പറഞ്ഞു. കലാമണ്ഡലത്തിന്റെ തുടർപ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ടൂറിസം വകുപ്പുമായി സഹകരിച്ച് കലാമണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന 'ഡേ വിത്ത് ദ മാസ്റ്റേഴ്സ്' പോലുള്ള പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കലാമണ്ഡലത്തിന്റെ എല്ലാ പ്രശ്നങ്ങളും ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് മുൻഗണനാ ക്രമത്തിൽ പരിഹാരം കണ്ടെത്തും. പഠന ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കണമെന്നും, അതുവഴി അക്കാദമിക രംഗത്ത് അന്താരാഷ്ട്രതലത്തിൽത്തന്നെ ശ്രദ്ധനേടുവാൻ കലാമണ്ഡലത്തിന് സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരള കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എം.പി. വിശിഷ്ടാതിഥിയായി. റിട്ട. ജസ്റ്റിസ് കെ. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. മേറ്റയുടെ അവാർഡിന് അർഹരായ മാരിയോ ബർസാഗി, അഭിജിത് കെ.ആർ എന്നിവരെ പരിപാടിയിൽ ആദരിച്ചു. സമാപന സമ്മേളനത്തിന് ശേഷം പത്മശ്രീ നർത്തകി നടരാജനും സംഘവും അവതരിപ്പിച്ച ഭരതനാട്യവും അമൃത വെങ്കടേഷിന്റെ സംഗീതക്കച്ചേരിയും 'ഉത്തരാസ്വയംവരം' കഥകളിയും അരങ്ങേറി.

സമാപന ദിവസം രാവിലെ വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചനയും, ഡോ. മ്യൂസ് മേരി ജോർജ് നയിച്ച വള്ളത്തോൾ സതിപ്രഭാഷണവും, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്ത കവിസമ്മേളനവും നടന്നു. തുടർന്ന്, വാർഷിക സദ്യയും പഞ്ചവാദ്യവും അരങ്ങേറി.  

നവംബർ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ പ്രശസ്തരായ കലാകാരന്മാരുടെ വിവിധ കലാപരിപാടികളോടെയാണ് കലാമണ്ഡലത്തിന്റെ 96-ാമത് വാർഷികാഘോഷവും മഹാകവി വള്ളത്തോൾ നാരായണമേനോന്റെ ജയന്തിയും കൂത്തമ്പലത്തിൽ സമുചിതമായി ആഘോഷിച്ചത്. നവംബർ ഏഴിന് പതാക ഉയർത്തലിനും പഞ്ചമദ്ദളക്കേളി, കഥകളിപ്പദക്കച്ചേരി, മിഴാവിൽ തായമ്പക എന്നിവയ്ക്ക് പുറമെ പ്രൊഫ. അച്യുത് ശങ്കർ എസ്. നായർ ഉദ്ഘാടനം ചെയ്ത സാംസ്കാരിക സമ്മേളനവും 'ഉഷാനിരുദ്ധം' കഥകളിയും അരങ്ങേറി. എട്ടിന് ചാക്യാർകൂത്ത്, പുസ്തക ചർച്ച, തായമ്പക, പ്രൊഫ. വി. കാർത്തികേയൻ നായർ നയിച്ച മുകുന്ദരാജ സ്മൃതി പ്രഭാഷണം, എൻഡോവ്മെന്റ് വിതരണം, 'കൃഷ്ണായനം' ഡോക്യുമെന്ററി പ്രദർശനം, 'പൂതപ്പാട്ട്' നൃത്തശില്പം, 'സന്താനഗോപാലം' കഥകളി എന്നിവയും നടന്നു.

date