സ്വകാര്യ ബസ്സുകള്‍ ലീസിനെടുക്കാനുള്ള തീരുമാനം; ആശങ്ക വേണ്ടെന്ന് മന്ത്രി സി പി ജോണ്‍
സ്വകാര്യ ബസ്സുകള്‍ കെഎസ്ആര്‍ടിസി ലീസിനെടുക്കുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു. കണ്ണൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ ടി.ഒ.മോഹനന് എം.എല്‍.എയുടെ ആസ്തി വികസന നിധിയില്‍ നിന്നും ബസ്സ് വാങ്ങാന്‍ അനുവദിച്ച 45 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്ന അദ്ദേഹം. കിലോമീറ്ററിന് അമ്പത് രൂപ നിരക്കിലാണ് സ്വകാര്യ ബസ്സുകള്‍ ലീസിനെടുക്കുന്നത്. ഇന്ധനവും വാഹനത്തിന്റെ അറ്റകുറ്റപ്പണികളുമെല്ലാം നടത്തേണ്ടത് വാഹന ഉടമയാണ്. കെഎസ്ആര്‍ടിസിക്കും വാഹന ഉടമകള്‍ക്കും ഗുണകരമാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒട്ടേറെ വാഹനങ്ങള്‍ ഈ വിധത്തില്‍ കെഎസ്ആര്‍ടിസിയിലേക്ക് എത്തുകയാണ്. പൊതുഗതാഗത സംവിധാനത്തിന് ശക്തിപകരാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. സഹകരണ സംഘങ്ങള്‍ തുടങ്ങി ആര്‍ക്കും ഇത്തരത്തിലുള്ള ബസ്സുകള്‍ വാങ്ങി കെഎസ്ആര്‍ടിസിക്ക് നല്‍കാമെന്നും മന്ത്രി പറഞ്ഞു.
പ്രിയദര്‍ശിനിയുടെ ലക്ഷ്യം സ്ത്രീ ശാക്തീകരണം
സംസ്ഥാനത്തെ സ്ത്രീ സൗഹൃദ യാത്രാ പദ്ധതിയായ പ്രീയദര്‍ശിനി പദ്ധതിയുടെ ലക്ഷ്യം ദാരിദ്ര ലഘൂകരണം എന്നതിലുപരി വനിതാ ശാക്തീകരണമാണെന്നും മന്ത്രി പറഞ്ഞു. വനിതാ യാത്രക്കാരുടെ വരുമാന പരിധി പരിഗണിക്കുന്നില്ലെന്നായിരുന്നു പദ്ധതിയെ കുറിച്ച് ഉയര്‍ന്നുവന്ന പൊതുവായ ആരോപണം. ഇതിന് അടിസ്ഥാനമില്ല. സ്ത്രീകളെ മൊത്തമായി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്ന കാര്യം മാത്രമാണ് ലക്ഷ്യമാക്കിയത്. ഇതില്‍ നിന്നും മിച്ചം പിടിക്കുന്ന തുക വീട്ടാവശ്യങ്ങള്‍ക്കായി അവര്‍ക്ക് ഉപയോഗിക്കിക്കാനാവും. സര്‍ക്കാര്‍ ജോലിയും മറ്റുമുള്ള യാത്രക്കാരായ സ്ത്രീകള്‍ അവരുടെ കൂട്ടായ്മകളിലൂടെ സ്കൂളിലും മറ്റുമായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഈ തുക ചെലവഴിക്കുന്ന അനുഭവങ്ങളും ധാരാളമുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കേരളത്തില്‍ 67 ശാതമാനം കെഎസ്ആര്‍ടിസി ബസ്സുകള്‍ പ്രീയദര്‍ശിനി ബസ്സുകളാണ്. ദിവസവും പതിനായിരക്കണക്കിന് സ്ത്രീ യാത്രക്കാരാണ് ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ ഡിപ്പോയും ബസ് സ്റ്റാന്റും നവീകരിക്കും: മന്ത്രി
കണ്ണൂരിലെ കെഎസ്ആര്‍ടിസി ഡിപ്പോയും ബസ് സ്റ്റാന്‍ഡും കാലോചിതമായി നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ടി എ മോഹനന് എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം കെഎസ്ആര്‍ടിസി ഡിപ്പോ സന്ദര്‍ശിച്ച ശേഷം ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ സ്വീകരിക്കാന്‍ എംഎല്‍എ ചെയര്‍മാനായ ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സ്വന്തം മണ്ഡലത്തിന് പുറത്ത് ഇതാദ്യമായാണ് ഡിപ്പോ മാനേജ്മെൻ്റ് യോഗത്തിൽ പങ്കെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഡിപ്പോകളില്‍ ജീവനക്കാര്‍ക്കുള്ള സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കോര്പ്പറേഷന് ജീവനക്കാര്‍ മികച്ച പന്തുണയാണ് നല്‍കുന്നത്. ഇവരുടെ ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഉചിതമായ സമയത്ത് ശമ്പള പരിഷ്കരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ചരക്ക് ഗതാഗതം ലക്ഷ്യം; ട്രക്കുകളും ലീസിനെടുക്കും
കെഎസ്ആര്‍ടിസിക്കു കീഴില്‍ സ്വകാര്യ ബസ്സുകള്‍ക്ക് പുറമെ ട്രക്കുകളും ലീസിനെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കൊറിയര്‍, ചരക്ക് ഗതാഗത മേഖലകളില്‍ നിന്നുള്ള വരുമാനം ലക്ഷ്യമാക്കിയാണ് ഈ പദ്ധതി പരിഗണിക്കുന്നത്. സ്വകാര്യ ബസ്സുകള്‍ ലീസിനെടുക്കുന്ന വിധത്തില്‍ കിലോമീറ്ററിന് അമ്പത് രൂപ നിരക്കിലാണ് ട്രക്കുകളുടെയും വാടക നിശ്ചയിക്കുക. സംസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തതില്‍ നൂറുകണക്കിന് ട്രക്കുകള്‍ ജില്ലകള്‍ തോറുമുണ്ട്. ഇവരില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ട്രക്കുകള്‍ കെഎസ്ആര്‍ടിസിക്ക് ലീസിന് നല്‍കാം. റെയില്‍വേയുടെ മാതൃകയില്‍ ചരക്കുഗതാഗതം വഴി നേട്ടമുണ്ടാക്കാനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ടി ഒ മോഹനന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് വാങ്ങാന്‍ 45 ലക്ഷം രൂപയുടെ ചെക്ക് ഗതാഗതവകുപ്പ് മന്ത്രിക്ക് എംഎല്‍എ കൈമാറി. ജില്ലയിലെ പ്രതിപക്ഷ എല്‍എല്‍എമാരെ ഉള്‍പ്പെടെ നേരില്‍ക്കണ്ട് ബസ് വാങ്ങുന്നതിന് പണം നല്കാന് അഭ്യര്‍ഥന നടത്തിയതായി മന്ത്രി അറിയിച്ചു. ജില്ലയിലെ സ്ഥാപനങ്ങളും സംരംഭങ്ങളും വ്യക്തികളും ഇക്കാര്യത്തില്‍ മുന്നോട്ടുവരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. മദേഴ്സ് ഓണ്‍ എ മിഷന് വനിതാ കൂട്ടായ്മ കണ്ണൂര്‍ ഡിപ്പോ ജീവനക്കാരുടെ വിശ്രമ മുറിയിലേക്ക് നല്കിയ പത്ത് കിടക്കകളും കട്ടിലുകളും ഫാനുകളും ചടങ്ങില്‍ മന്ത്രി ഏറ്റുവാങ്ങി.
കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍, കോര്പ്പറേഷന് കൗണ്‍സിലര്‍ ഇ ബീന, ജില്ലാ ട്രാന്‍സ്പോര്‍്ട്ട് ഓഫീസര്‍ പി ഇ രഞ്ജിത്ത്, കെ സുധാകരന് എംപിയുടെ പ്രതിനിധി പി മുഹമ്മദ് ഷമ്മാസ്, ഒ കെ വിനീഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡിപ്പോ സന്ദര്‍ശനത്തിന് ശേഷം ജീവനക്കാരും സംഘടനാപ്രതിനിധികളുമായി മന്ത്രി സംസാരിച്ചു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കട്ടിലും കിടക്കയും; മാതൃകയായി സ്ത്രീ കൂട്ടായ്മ
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡിപ്പോയിലെ വിശ്രമ മുറിയിലേക്ക് കട്ടിലുകളും കിടക്കകളും ഫാനുകളും വാങ്ങി നല്കി വനിതാ കൂട്ടായ്മ മാതൃകയായി. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദേഴ്സ് ഓണ്‍ എ മിഷന് കൂട്ടായ്മയാണ് ടി ഒ മോഹനന് എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം ഇതിനായി മുന്നോട്ടുവന്നത്. കൂട്ടായ്മ ഭാരവാഹികള്‍ ഗതാഗതവകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് ജീവനക്കാര്‍ക്കായുള്ള സൗകര്യങ്ങള്‍ എത്തിച്ച് നല്കി. ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മന്ത്രി അഭിനന്ദിച്ചു.
പ്രിയദര്‍ശിനി പദ്ധതിയുടെ ഗുണഭോക്താക്കളായ വനിതകളുടെ കൂട്ടായ്മയുടെ സഹായം ഇതിനായി ഉപയോഗപ്പെടുത്താനുള്ള എംഎല്‍എയുടെ തീരുമാനത്തെയും മന്ത്രി അഭിനന്ദിച്ചു. ഇത് സംസ്ഥാനത്തെ മറ്റിടങ്ങളിലും മാതൃകയാക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. വിശ്രമമുറിയിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ കൂടി നല്കാന് വനിതാ കൂട്ടായ്മ സമ്മതിച്ചതായും എംഎല്‍എ പറഞ്ഞു. മദേഴ്സ് ഓണ്‍ എ മിഷന് പ്രസിഡന്റ് റോഷ്നി ഖാലിദ്, സെക്രട്ടറി ഇ കെ സ്വപ്ന, മറ്റു ഭാരവാഹികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.
- Log in to post comments