ഷീല്‍ഡ് ക്യാമ്പയിന്‍; കോഴിക്കോട് നോര്‍ത്ത് മണ്ഡലം യോഗം ചേര്‍ന്നു
ജില്ലയില്‍ എച്ച്.പി.വി വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഷീല്‍ഡ് ക്യാമ്പയിന്റെ കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലതല യോഗം അഡ്വ. കെ. ജയന്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്നു. മെഡിക്കല്‍ കോളേജിലെ നിപ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് റെസിലിയന്‍സില്‍ നടന്ന യോഗത്തില്‍ വാക്‌സിനേഷന്റെ പ്രാധാന്യവും ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ അകറ്റേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ച ചെയ്ത് കര്‍മ്മപദ്ധതിക്ക് രൂപം നല്‍കി. വിദ്യാലയങ്ങളില്‍ നടപ്പിലാക്കേണ്ട ബോധവത്കരണ പരിപാടികളും വാക്‌സിന്‍ നല്‍കുന്ന തീയതികളും യോഗം വിലയിരുത്തി.
ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി മുഖ്യാതിഥിയായ ചടങ്ങില്‍ ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. നവ്യ തൈക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ. അഫ്‌സല്‍ ക്യാമ്പയിന്‍ വിശദീകരിച്ചു. ഡോ. ടി.വി. രാജേഷ്, ഖയറുന്നിസ, സി. ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികളും ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും മണ്ഡലത്തിലെ 39 സ്‌കൂളുകളില്‍ നിന്നുള്ള പ്രധാന അധ്യാപകര്‍, നോഡല്‍ അധ്യാപകര്‍, പി.ടി.എ. പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഗര്‍ഭാശയമുഖ കാന്‍സര്‍ പ്രതിരോധത്തിനായി ജില്ലയില്‍ 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് നിലവില്‍ എച്ച്.പി.വി. വാക്‌സിന്‍ നല്‍കിവരുന്നത്. ഇതുവരെ 14,394 കുട്ടികള്‍ക്ക് (ലക്ഷ്യമിട്ടതിന്റെ 54 ശതമാനം) വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 31 വരെയാണ് ക്യാമ്പയിന്‍ കാലാവധി എന്നതിനാല്‍ ടാര്‍ഗെറ്റിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കാനാണ് ഷീല്‍ഡ് ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. മണ്ഡല അടിസ്ഥാനത്തില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുളള യോഗങ്ങളുടെ ആദ്യഘട്ടമായാണ് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ യോഗം സംഘടിപ്പിച്ചത്.
- Log in to post comments