Skip to main content

 'ദിശ' പ്രദര്‍ശനത്തിന് തുടക്കം

മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ ദിശ' കരിയര്‍ എക്‌സ്‌പോയ്ക്ക് തുടക്കമായി. പഠനകാലത്ത് മാര്‍ക്കിനെയും പഠനം കഴിഞ്ഞാല്‍ ജോലി കിട്ടാവുന്ന കോഴ്‌സുകളെയും കുറിച്ച് സ്‌കൂള്‍ പ്രവേശന കാലം തൊട്ടേ ആശങ്കപ്പെടുന്ന മാതാപിതാക്കളേയും വിദ്യാര്‍ഥികളേയും മലപ്പുറത്തെ എം.എസ്.പി പരേഡ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്ത് പൊതു വിദ്യാഭ്യാസ വകുപ്പ്. ഉപരിപഠനം കഠിനമല്ലെന്നും അഭിരുചിക്കും താല്‍പര്യത്തിനുമനുസരിച്ചു പഠിച്ചാല്‍ കഴിവിനൊത്ത തൊഴില്‍ നേടാമെന്നും  എക്‌സ്‌പോ കാണുന്നതിലൂടെ ബോധ്യപ്പെടും. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തിനു ശേഷമുള്ള ഉപരിപഠനം, തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി അറിവിന്റെ അനന്തസാധ്യതകളിലേക്കുള്ള മാര്‍ഗദര്‍ശിയാകുകയാണ് 'ദിശ' ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനം. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിങ് സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രദര്‍ശനം അഞ്ചു ഗിവസം നീണ്ടുനില്‍ക്കും. ഇന്ത്യയിലെ 90 ഓളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗം വികസിപ്പിച്ച കെഡാറ്റ് (കേരള ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) അഭിരുചി നിര്‍ണയ പരീക്ഷ എന്തെന്നറിയാനും റജിസ്റ്റര്‍ ചെയ്തവര്‍ക്കു പരീക്ഷയില്‍ പങ്കെടുക്കാനും സൗകര്യമുണ്ട്. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നതിനു കരിയര്‍ സെമിനാറില്‍ അവസരമുണ്ട്. വിവിധ മേഖലകളിലെ വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകളും രാവിലെ 9.30 മുതല്‍ 6 വരെയും നടക്കും.
 'ദിശ' പ്രദര്‍ശനോദ്ഘാടനം റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എം. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ ഭരണ വകുപ്പുമന്ത്രി കെ. എം. ഷാജി ദിശ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിങ് സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി.എം.അസീം പദ്ധതി വിശദീകരിച്ചു. ടി.വി ഇബ്രാഹിം എം. എല്‍. എ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, മലപ്പുറം ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍, എം.എസ്.പി കമാന്‍ഡന്റ് കെ. സലീം, മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ. വി.  റിന്‍ഷ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍. പി.കെ. അസ്‌ലു, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജിതേഷ് ജി അനില്‍, സീമാറ്റ് ഡയറക്ടര്‍ അരുണ്‍ കുമാര്‍,  എച്ച്.എസ്.ഇ പരീക്ഷ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. കെ. മാണിക്യരാജ്, മലപ്പുറം റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജൂഡ് ലൂയിസ്,  വി.എച്ച്.എസ്.സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.വി. മനോജ് എന്നിവര്‍ സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. അരുണ്‍ കെ വിജയന്‍ സ്വാഗതവും ഹയര്‍ സെക്കണ്ടറി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ ഡോ. കെ.കെ. അഷ്‌റഫ് നന്ദി രേഖപ്പെടുത്തി.
 

date