മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ ഉപയോഗശൂന്യമായി കിടന്ന പെട്ടിക്കടകൾ നീക്കം ചെയ്തു
പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി
മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുവഴിയരികിൽ ദീർഘകാലമായി ഉപയോഗിക്കാതെ കിടന്നിരുന്ന പെട്ടിക്കടകൾ നീക്കം ചെയ്തു. നീക്കം ചെയ്ത കടകളിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തി.
വഴിയാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ സ്ഥാപിച്ചിരുന്ന ഉപയോഗശൂന്യമായ പെട്ടിക്കടകളാണ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ ലഭിച്ച നിരോധിത ഉത്പന്നങ്ങൾ മുളന്തുരുത്തി പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയും വിതരണവും തടഞ്ഞ് പൊതുസ്ഥലങ്ങൾ സുരക്ഷിതവും ശുചിത്വപൂർണ്ണവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നും
പൊതുവഴികൾ കൈയേറി അനധികൃതമായി സ്ഥാപിച്ചിട്ടുള്ളതും ഉപയോഗശൂന്യമായി കിടക്കുന്നതുമായ സ്ഥാപനങ്ങൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
- Log in to post comments